പ്രകടനം മോശം: ഇന്ത്യന്‍ ഹോക്കി കോച്ചിനെ പുറത്താക്കി
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd September 2017 05:00 PM |
Last Updated: 02nd September 2017 05:00 PM | A+A A- |

ഇന്ത്യന്‍ ഹോക്കി ടീം ഹെഡ് കോച്ച് റോളന്റ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കി. ടീമിന്റെ മോശം പ്രകടനം ചൂണ്ടികാണിച്ചാണ് നടപടി. ജൂണില്‍ ലണ്ടനില്‍ നടന്ന വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനലിലെ ഇന്ത്യയുടെ മോശപ്പെട്ട പ്രകടനമാണ് ഓള്‍ട്ട്മാന്‍സിന്റെ തെറിക്കലിന് കാരണമായത്. ടൂര്‍ണമെന്റില്‍ ആറാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചത്.
നേരത്തെ ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് മാനേജരായിരുന്ന ഓള്‍ട്ട്മാന്‍സ് 2015ലാണ് ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റത്. വിവാദങ്ങള്‍ക്കുശേഷം പോള്‍ വാന്‍ ആസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഓള്‍ട്ട്മാന്‍സ് പരിശീലകനായത്.
ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണിനെ ഇടക്കാല പരിശീലകനായി നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ടീമിന്റെ പ്രകടനം വിലയിരുത്തിയശേഷമാണ് ഓള്‍ട്ട്മാന്‍സിനെതിരെ നടപടി കൈക്കൊണ്ടതെന്ന് ഹോക്കി ഇന്ത്യ ചെയര്‍മാന്‍ ഹര്‍ബീന്ദര്‍ സിങ് അറിയിച്ചു. സര്‍ദാര്‍ സിങ്, പിആര്‍ ശ്രീജേഷ്, മന്‍പ്രീത് സിങ് എന്നിവരുമായി കൂടിയാലോചിച്ചശേഷമാണ് നടപടിയെന്നും ഹര്‍ബീന്ദര്‍ സിങ് പറഞ്ഞു.