ഐസ-എസ്എഫ്‌ഐ  യൂണിയന്‍ പൂര്‍ണ പരാജയം; ജെഎന്‍യുവില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി എഐഎസ്എഫ് 

ഐസ മുന്നണി വെറും അധികാരത്തിന് വേണ്ടിയുള്ളതാണെന്നും വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ മുന്നണി പരാജയമാണെന്നുമാണ് എഐഎസ്എഫ് പറയുന്നത്
ഐസ-എസ്എഫ്‌ഐ  യൂണിയന്‍ പൂര്‍ണ പരാജയം; ജെഎന്‍യുവില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി എഐഎസ്എഫ് 

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിക്കാതിരുന്ന മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫ് ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. എസ്എഫ്‌ഐ-ഐസ,ഡിഎസ്എഫ് എന്നീ സംഘടനകള്‍ സഖ്യമുണ്ടാക്കി മത്സരിക്കുമ്പോള്‍ ഇടത് സംഘടനയായ എഐഎസ്എഫ് എന്തുകൊണ്ട്  സഖ്യത്തില്‍ ചേര്‍ന്നില്ല എന്ന ചോദ്യം ഉയര്‍ന്നുവന്നിരിക്കുകയാണ്. ഐസ മുന്നണി വെറും അധികാരത്തിന് വേണ്ടിയുള്ളതാണെന്നും വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ മുന്നണി പരാജയമാണെന്നുമാണ് എഐഎസ്എഫ് പറയുന്നത്. 

എഐഎസ്എഫ് എന്നും നിലനില്‍ക്കുന്നത് ഇടത് ഐക്യത്തിന് വേണ്ടിയാണ്.എന്നാല്‍ ജെഎന്‍എയുവില്‍ ഇപ്പോള്‍ സംഭവിക്കുന്നത് മറ്റൊന്നാണ്.ഇടത് ഐക്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അത് വെറും തെരഞ്ഞെടുപ്പ് സഖ്യം എന്ന നിലയിലല്ല. കഴിഞ്ഞ യൂണിയന്‍ തീര്‍ത്തും പരാജയമാണ്. എബിവിപി വരും എന്നായിരുന്നു എസ്എഫ്‌ഐ-ഐസ സഖ്യം രൂപീകരിച്ച് മത്സരിക്കാന്‍ തീരുമാനിച്ച കാരണം. ചില എതിര്‍പ്പുകള്‍ അന്നുതന്നെ നിലനിന്നിരുന്നതിനാല്‍ എഐഎസ്എഫ് സഖ്യത്തിന് കൂട്ടു നിന്നില്ല. ഇടത് വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മത്സരിച്ചതുമില്ല,പകരം അവര്‍ക്ക് വേണ്ടി ക്യാമ്പയിന് ഇറങ്ങുകയും ചെയ്തിരുന്നു.എന്നാല്‍ ഈ വര്‍ഷം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് എഐഎസ്എഫ് ജെഎന്‍യു യൂണിറ്റ് വൈസ് പ്രസിഡന്റ് അമുത ജയദീപ് സമകാലിക മലയാളത്തോട് പറഞ്ഞു. 

എസ്എഫ്‌ഐ-ഐസ സഖ്യം ജയിച്ചുവന്ന് ഒരു മാസം തികയും മുമ്പാണ് നജീബിന്റെ പ്രശ്‌നം ഉണ്ടായത്. നജീബാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ നല്‍കിയ കത്തില്‍ ഒപ്പിട്ടവരുടെ കൂട്ടത്തില്‍ ഐസയുടെ യൂണിയന്‍ റപ്രസന്റേറ്ററും ഉണ്ടായിരുന്നു.എന്താണ് നടന്നതെന്ന് വിശദമായി അന്വേഷിക്കുന്നതിന് മുമ്പാണ് കത്തില്‍ ഒപ്പുവെച്ചത്. അമുത പറയുന്നു. 

2016 ഒക്ടോബര്‍ 15നാണ് ഒന്നാംവര്‍ഷ എംഎസ്ഇ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ കാണാതായത്. എബിവിപി പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായതിനു ശേഷമാണ് നജീബിനെ കാണാതാകുന്നത്. നജീബിനെ കണ്ടെത്താന്‍ അധികൃതര്‍ കാട്ടുന്ന അലംഭാവത്തിനെതിരെ സര്‍വ്വകലാശാലയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.

 സര്‍വകലാശാല യുജിസി സീറ്റ് വെട്ടിക്കുറച്ച പ്രശ്‌നം വന്നപ്പോഴും വിദ്യാര്‍ത്ഥി പക്ഷത്ത് നിന്ന് നിലപാടെടുക്കാനും പൊരുതാനും എസ്എഫ്‌ഐ-ഐസ സഖ്യം നേതൃത്വം നല്‍കുന്ന യൂണിയന് സാധിച്ചില്ലെന്ന് എഐഎസ്എഫ് ആരോപിക്കുന്നു. എഐഎസ്എഫ് മുന്നോട്ടുവെച്ചത് ശക്തമായ പ്രതിഷേധ വഴിയായിരുന്നു,എന്നാല്‍ ഐസ സഖ്യം കോടതി വഴി നീങ്ങി. പ്രതിഷേധം മുന്നോട്ടുകൊണ്ടുപോകാന്‍ തയ്യാറായില്ല. രാഷ്ട്രീയ പ്രതിഷേധവും നിയമ പോരട്ടവും ഒരുമിച്ചുകൊണ്ടുപോകണം എന്ന നിലപാടിനെ അവര്‍ അംഗീകരിച്ചില്ല. 18 ദിവസത്തോളം എഐഎസ്എഫ് യൂണിവേഴ്‌സിറ്റിയില്‍ ശകക്തമായ സമരം നടത്തി.ആ സമരത്തിനൊപ്പം നില്‍ക്കാന്‍ എസ്എഫ്‌ഐ,ഐസ,ഡിഎസ്എഫ് സംഘടനകള്‍ തയ്യാറായില്ലെന്നും എഐഎസ്എഫ് പറയുന്നു.

ഇടതുപക്ഷം നിലകൊള്ളേണ്ടത് ഇടത് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണെന്നും രാഷ്ട്രീയ സമവായങ്ങളുടെ പുറകേ പോകരുതെന്നും അമുത ജയദീപ് പറയുന്നു. ജെഎന്‍യുവില്‍ ഇടതുപക്ഷ ഐക്യം പറയുന്ന ഐസ എന്തുകൊണ്ട് ഡല്‍ഹി സര്‍വകലാശാലയില്‍ എസ്എഫ്‌ഐയ്‌ക്കോ എഐഎസ്എഫിനോ ഒപ്പം നില്‍ക്കുന്നില്ലായെന്നും ജെഎന്‍യുവില്‍ അധികാരം പിടിച്ചു നിര്‍ത്തണം എന്നത് മാത്രമാണ് ഐസയുടെ ലക്ഷ്യമെന്നും അമുത പറയുന്നു. 

അപരാജിത രാജ വിദ്യര്‍ത്ഥി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തിയാണ്,അതുകൊണ്ടാണ് അവരെ മത്സരിപ്പിക്കാന്‍ എഐഎസ്എഫ് തീരുമാനിച്ചത്,അല്ലാതെ എംപിയുടെ മകള്‍ എന്ന പരിഗണന നല്‍കിയല്ല,അമുത പറയുന്നു. സിപിഐ ദേശീയ സെക്രട്ടറിയും രാജ്യസഭ എംപിയുമായ ഡി.രാജയുടെ മകളാണ് അപരാജിത രാജ. 

എബിവിപിയെ അധികാരത്തില്‍ വരുത്താതിരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം,അല്ലാതെ ഇടത് വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്നതല്ല, കനയ്യ മത്സരിച്ചപ്പോഴും എഐഎസ്എഫ് നില്‍ക്കുന്നത് വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് എന്ന ഇതേ വാദം ഐസ ഉയര്‍ത്തിയിരുന്നു,അമുത പറഞ്ഞു.സിപിഐ-എംഎല്‍ന്റെ വിദ്യാര്‍ത്ഥി സംഘടനയാണ് ഐസ എന്ന ചുരുക്കെഴുത്തില്‍ അറിയപ്പെടുന്ന ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ്‌ അസോസിയേഷന്‍. 

ക്യാമ്പസിനകത്ത് ശക്തമായ രാഷ്ട്രീയ നിലപാട് എഐഎസ്എഫിനുണ്ട്. എസ്എഫ്‌ഐ-ഐസ സഖ്യത്തില്‍ ഞങ്ങള്‍ ഒരു പ്രതീക്ഷയും വെയ്ക്കുന്നില്ല. ഇത്രയും സംഘര്‍ഷങ്ങളിലൂടെ ക്യാമ്പസ് കടന്നുപോയപ്പോള്‍ ഒരു വിദ്യാര്‍ത്ഥി യൂണിയന്‍ ഉണ്ട് എന്നൊരു തോന്നല്‍പോലും ആര്‍ക്കും ഇല്ലാത്ത തരത്തിലേക്ക് യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ താഴേക്ക് പോയി,നജബീബിനെ തല്ലിയ എബിവിപിക്കാര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാനോ അവര്‍ക്ക് ഒരു സസ്‌പെന്‍ഷന്‍ വാങ്ങിക്കൊടുക്കാനോ യൂണിയന് സാധിച്ചില്ല. അമുത പറയുന്നു. 

പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് സീറ്റുകളിലേക്കാണ് എഐഎസ്എഫ് മത്സരിക്കുന്നത്. എസ്എഫ്‌ഐ-ഐസ സഖ്യം എല്ലാ പാനലുകളിലേക്കും മത്സരിക്കുന്നുണ്ട്. ഭിന്നിച്ചു നില്‍ക്കുകയാണെങ്കിലും ഇടത് സംഘടനകളുടെ പൊതു ശത്രു എബിവിപിയാണ്.സെപ്റ്റംബര്‍ 8ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. എബിവിപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ വനിതാ സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറെ സ്വാധീനം ചെലുത്തിയ ബാപ്‌സയെ(ബിര്‍സ അംബേദ്കര്‍ഫുലേ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) തള്ളിക്കളയാന്‍ സാധിക്കില്ലായെന്നാണ് ജെഎന്‍യു തെരഞ്ഞെടുപ്പ് ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നവര്‍ വിലയിരുത്തന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ബാപ്‌സ ജെഎന്‍യുവിലെ നിര്‍ണായക ശക്തിയായി വളര്‍ന്നു കഴിഞ്ഞു. എബിവിപിക്കെതിരായ ഏറ്റവും വലിയ പ്രചാരണായുധമാക്കി മറ്റ് സംഘടനകള്‍ നജീബിന്റെ തിരോധാനം എടുത്തുയര്‍ത്തുമ്പോള്‍ പുതിയ ജെഎന്‍യു കെട്ടിപ്പടുക്കാന്‍ എബിവിപിയ്ക്ക് വോട്ടു ചെയ്യു എന്നാണ് എബിവിപിയുടെ മുദ്രാവാക്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com