ഗോരഖ്പൂര്‍ ദുരന്തം; സ്വന്തം നിലയില്‍ ഓക്‌സിജന്‍ എത്തിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു

സ്വകാര്യ പ്രാക്ടീസ്, അഴിമതി, കെടുകാര്യസ്ഥത എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്
ഗോരഖ്പൂര്‍ ദുരന്തം; സ്വന്തം നിലയില്‍ ഓക്‌സിജന്‍ എത്തിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഗോരഖ്പൂരില്‍ എഴുപത് കുഞ്ഞുങ്ങള്‍ മരിക്കാനിടയായ ആശുപത്രിയില്‍ സ്വന്തം നിലയില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ ശ്രമിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത്‌ പ്രത്യേക അന്വേഷണ സംഘമാണ് ശിശുരോഗ വിഭാഗം തലവനായിരുന്ന ഡോക്ടര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. 

ഗോരഖ്പൂര്‍ അപകടവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ഗോരഖ്പൂര്‍ കോടതി ജാമ്യമില്ലാ വാരണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടറെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വകാര്യ പ്രാക്ടീസ്, അഴിമതി, കെടുകാര്യസ്ഥത എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. 

കുഞ്ഞുങ്ങള്‍ മരിക്കാനിടയായ വാര്‍ത്ത പുറത്തുവന്നതോടെ നോഡല്‍ ഓഫീസറായ കഫീല്‍ ഖാനെ പദവിയില്‍ നിന്നും പുറത്താക്കിയിരുന്നു. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ പ്രാണവായു ലഭിക്കാതെ മരിക്കാനിടയായത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 

എന്നാല്‍ ഓക്‌സിജന്‍ സപ്ലെ നിലച്ച സമയത്ത് സ്വന്തം നിലയില്‍ ആശുപത്രിയിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ യുപി സര്‍ക്കാര്‍ നിലപാടെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. കുറ്റക്കാരെ സംരക്ഷിക്കാന്‍ ഡോ. കഫീല്‍ ഖാനെ ബലിയാടാക്കുകയാണെന്ന് ഡോക്ടര്‍മാരുടെ സംഘടനയും ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com