രാജി കൊടുത്തിട്ടു പൊയ്‌ക്കോളൂ.., അമിത് ഷാ കേന്ദ്രമന്ത്രിസഭാ പുനസംഘടനയ്ക്കു കളമൊരുക്കിയത് ഇങ്ങനെ

15 പുതുമുഖങ്ങള്‍ക്കുവരെ സാധ്യത ഉണ്ടെങ്കിലും മുഴുവന്‍ ഒഴിവും മോദി നികത്തില്ലെന്നാണ് സൂചന. പന്ത്രണ്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും പുനസംഘടന
രാജി കൊടുത്തിട്ടു പൊയ്‌ക്കോളൂ.., അമിത് ഷാ കേന്ദ്രമന്ത്രിസഭാ പുനസംഘടനയ്ക്കു കളമൊരുക്കിയത് ഇങ്ങനെ

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടനയക്കു കളമൊരുക്കാന്‍ മന്ത്രിമാരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വീട്ടിലേക്കു വിളിച്ചുവരുത്തി രാജിക്കത്ത് എഴുതിവാങ്ങുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഇല്ലാതിരുന്നവരെ അടിയന്തരമായി ഡല്‍ഹിക്കു വിളിപ്പിച്ച് രാജി എഴുതിവാങ്ങുകയായിരുന്നുവെന്നാണ് സൂചന. ഒരു ഡസന്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും പുനസംഘടന. 

മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ പ്രധാനമന്ത്രിയാണ് തീരുമാനമെടുത്തതെങ്കിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് അതു നടപ്പാക്കാന്‍ കളമൊരുക്കിയത്. ആരുടെയെല്ലാം രാജി വാങ്ങണം എന്നതു സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ധാരണയില്‍ എത്തിയ ശേഷം അമിത് ഷാ മന്ത്രിമാരെ ഓരോരുത്തരെയായി വീട്ടിലേക്കു വിളിപ്പിക്കുകയായിരുന്നു. അമിത് ഷായ്ക്കാണ് ഇവര്‍ രാജിക്കത്ത് നല്‍കിയത്. ഷാ ഇവ പ്രധാനമന്ത്രിക്കു കൈമാറുകയായിരുന്നു. കഴിഞ്ഞ തവണ നടത്തിയ പുനസംഘടനയിലും ദേശീയ അധ്യക്ഷനു തന്നെയാണ് മന്ത്രിമാര്‍ രാജിക്കത്ത് നല്‍കിയത്.

ബന്ദാരു ദത്താത്രേയ, കല്‍രാജ് മിശ്ര, ഉമാ ഭാരതി, രാജീവ് പ്രതാപ് റൂഡി, സഞ്ജീവ് ബല്യാന്‍, ഫഗന്‍ സിങ് കുലാസ്‌തെ, മഹേന്ദ്രനാഥ് പാണ്ഡെ, ഗിരിരാജ് സിങ് എന്നിവരാണ് രാജിക്കത്ത് നല്‍കിയിട്ടുള്ളത്. ഇവര്‍ക്കു പകരക്കാരെക്കൂടാതെ നാലു പേരെക്കൂടി മോദി പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. ഇതില്‍ രണ്ടുപേര്‍ ജെഡിയുവില്‍ നിന്നായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അണ്ണാ ഡിഎംകെ മന്ത്രിസഭയില്‍ ചേരില്ലെന്നാണ് അറിയുന്നത്.

ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ഒരു കേന്ദ്രമന്ത്രി ബിഹാറിലെ വീട്ടിലേക്കുള്ള മാര്‍ഗമധ്യേ പറ്റ്‌ന വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അമിത് ഷായുടെ സന്ദേശം ലഭിച്ചത്. എത്രയും വേഗം തന്റെ വസതിയില്‍ എത്താനായിരുന്നു സന്ദേശം. അടുത്ത വിമാനത്തില്‍ മന്ത്രി ഡല്‍ഹിക്കു കയറി. പാര്‍ട്ടി രംഗത്ത് ഇപ്പോള്‍ അദ്ദേഹത്തിന്റെ സേവനം അത്യാവശ്യമായിരിക്കുകയാണെന്നും അതുകൊണ്ട് മന്ത്രിസ്ഥാനം രാജിവയ്ക്കാനും ഷാ ആവശ്യപ്പെട്ടു. മറിച്ചൊന്നും പറയാതെ മന്ത്രി രാജിക്കത്ത് കൈമാറുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങള്‍  പറഞ്ഞു.

രാജി വയ്ക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടപ്പോള്‍ എപ്പോഴാണ് രാജി നല്‍കേണ്ടത് എന്ന് മറ്റൊരു മന്ത്രി തിരിച്ചു ചോദിച്ചു. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന, ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി രാംലാലിനോട് അമിത് ഷാ ചോദിച്ചു, എപ്പോഴാണ് ഇദ്ദേഹം രാജിക്കത്ത് നല്‍കേണ്ടത്? ഒരു മണിക്കൂറിനകം എന്നായിരുന്നു രാംലാലിന്റെ മറുപടി. കൂടുതല്‍ ചര്‍ച്ചയ്ക്കു നില്‍ക്കാതെ മന്ത്രി അവിടെ വച്ചു തന്നെ രാജിക്കത്ത് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. 

മോദി സര്‍ക്കാര്‍ വന്നതിനു ശേഷമാണ് ബിജെപിയില്‍ ഇത്തരത്തിലുള്ള രീതികള്‍ തുടങ്ങിയത് എന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. വാജ്‌പേയിയുടെ കാലത്ത് പ്രധാനമന്ത്രിക്കു നേരിട്ടായിരുന്നു മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചിരുന്നത്. സാങ്കേതികമായി അതാണ് ശരിയായ രീതിയെന്നും അവര്‍ പറയുന്നു. 

രാജിയെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നാണ് ഉമാ ഭാരതി അറിയിച്ചത്. പാര്‍ട്ടി അധ്യക്ഷനാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതെന്ന് ഉമാ ഭാരതി അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയില്‍നിന്നുള്ള വിനയ് സഹഹ്രബുദ്ധെ, മുന്‍ മുംബൈ പൊലീസ് കമ്മിഷണര്‍ സത്യപാല്‍ സിങ്, ഉത്തര്‍പ്രദേശില്‍നിന്നുള്ള ഹരിഷ് ദ്വിവേദി, കര്‍ണാടകയില്‍നിന്നുള്ള പ്രഹ്ലാദ് ജോഷി, സുരേഷ് ആംഗഡി, ശോഭ കരന്ദലജെ, മധ്യപ്രദേശില്‍നിന്നുള്ള രാജേശ് സിങ്, പ്രഹ്ലാദ് പട്ടേല്‍, ബിഹാറില്‍നിന്നുള്ള അശ്വിനി ചൗധരി, ഡല്‍ഹിയിലെ മഹേഷ് ഗിരി എന്നിവരാണ് പ്രധാനമായും സാധ്യത കല്‍പ്പിക്കപ്പെടുന്നവര്‍. ജെഡിയുവില്‍നിന്ന് ആര്‍സിപി സിങ്ങും സന്തോഷ് കുമാറും മന്ത്രിമാരായേക്കും. 

73 അംഗങ്ങളാണ് നിലവില്‍ കേന്ദ്രമന്ത്രിസഭയിലുള്ളത്. നിയമപരമായ 81 പേരെയാണ് മന്ത്രിമാരാക്കാവുന്നത്. ഇതനുസരിച്ച് 15 പുതുമുഖങ്ങള്‍ക്കുവരെ സാധ്യത ഉണ്ടെങ്കിലും മുഴുവന്‍ ഒഴിവും മോദി നികത്തില്ലെന്നാണ് സൂചന. പന്ത്രണ്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും പുനസംഘടന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com