സത്യപ്രതിജ്ഞ കഴിഞ്ഞു: മോദി മന്ത്രിസഭയിലെ പുതുമുഖക്കാര്‍

മുന്‍ ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരും പൊലീസ് കമ്മീഷണറുമെല്ലാം ഉള്‍പ്പെട്ടതാണ് പുതിയ മന്ത്രിസഭ.
സത്യപ്രതിജ്ഞ കഴിഞ്ഞു: മോദി മന്ത്രിസഭയിലെ പുതുമുഖക്കാര്‍

ന്യൂഡെല്‍ഹി: മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെ ഒന്‍പത് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരും പൊലീസ് കമ്മീഷണറുമെല്ലാം ഉള്‍പ്പെട്ടതാണ് പുതിയ മന്ത്രിസഭ.

ഒന്‍പത് സഹമന്ത്രിമാര്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ നിലവില്‍ സഹമന്ത്രിമാരായ നാല് പേര്‍ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അവസാനത്തെ ആളായാണ് അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. 

അല്‍ഫോന്‍സ് കണ്ണന്താനം
1979ലെ ഐഎഎസ് ബാച്ചുകാരനായ അല്‍ഫോന്‍സ് കണ്ണന്താനം സിവില്‍ സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഏഴു വര്‍ഷം അവശേഷിക്കെയാണ് സര്‍വീസില്‍ നിന്ന് രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങുന്നത്. നിതിന്‍ ഗഡ്കരി ബിജെപി അധ്യക്ഷനായിരുന്ന കാലത്താണ് അല്‍ഫോന്‍സ് കണ്ണന്താനം അപ്രതീക്ഷിതമായി ബിജെപിയിലെത്തിയത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കാഞ്ഞിരപ്പള്ളി എംഎല്‍എയായിരുന്ന കണ്ണന്താനം വീണ്ടും മത്സരിക്കാനുള്ള സിപിഎമ്മിന്റെ വാദം നിരാകരിച്ചുകൊണ്ടായിരുന്നു ബിജെപിയിലെത്തിയത്. തുടര്‍ന്ന് ബിജെപി നിര്‍വാഹക അംഗമായ കണ്ണന്താനം പാര്‍ട്ടിയില്‍ സജീവമായി. ഛത്തീസ്ഗഡിലെ പൊതുവിതരണ സമ്പ്രദായം ഉള്‍പ്പെടെയുള്ള മാതൃകകള്‍ ക്രോഡീകരിക്കുകയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗരേഖ തയാറാക്കിയതും അല്‍ഫോന്‍സ് കണ്ണന്താനമാണ്.

രാജ്കുമാര്‍ സിങ്
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ രാജ് കുമാര്‍ സിങ് 2014 മുതല്‍ പാര്‍ലമെന്റ് അംഗമാണ്. 1975ലെ ബീഹാര്‍ കേഡറില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ രാജ് കുമാര്‍ മുന്‍ ആഭ്യന്തര സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990ല്‍ സമസ്തിപൂര്‍ ജില്ലാ കലക്ടറായിരുന്ന കാലത്ത് അയോദ്ധ്യയിലേക്ക് രഥയാത്ര നടത്തിയ അദ്വാനിയെ രാജ്കുമാര്‍ സിങ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബീഹാറിലെ അറയില്‍ നിന്നുള്ള ലോകസഭാംഗം.

അശ്വിനി കുമാര്‍ ചൗബെ
ബീഹാറിലെ ബക്‌സര്‍ മണ്ഡലത്തില്‍ നിന്നാണ് 64കാരനായ അശ്വിനി കുമാര്‍ ചൗബെ പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനു മുന്‍പ് ബീഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള എംഎല്‍എയായിരുന്ന ഇദ്ദേഹം ആരോഗ്യമന്ത്രിയുമായിരുന്നു.

ഹര്‍ദീപ് സിങ് പുരി
ജെല്‍ഹി സ്വദേശിയായ ഹര്‍ദീപ് സിങ് പുരി 1974 ബാച്ച് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനാണ്. 2009 മുതല്‍ 2013 വരെ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലില്‍ ഭീകരവിരുദ്ധ കമ്മിറ്റി തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ല്‍ ബിജെപിയില്‍ ചേര്‍ന്ന പുരി ദേശീയ സുരക്ഷ സംബന്ധിച്ച പാര്‍ട്ടിയുടെ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. 

ശിവപ്രസാദ് ശുക്ല
ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വൈസ് പ്രസിഡന്റായിരുന്ന ശിവപ്രസാദ് ശുക്ല യുപിയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. തുടര്‍ച്ചയായ നാലു തവണ ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയായിരുന്ന ഇദ്ദേഹത്തിന് സംസ്ഥാന മന്ത്രിസഭയിലെ പ്രവൃത്തി പരിചയവുമുണ്ട്.

വീരേന്ദ്ര കുമാര്‍
ആറു തവണ ലോക്‌സഭയിലെത്തിയ വീരേന്ദ്ര കുമാര്‍ നാല് തവണ(1996- 2009) മദ്ധ്യപ്രദേശിലെ സാഗര്‍ മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നിലവില്‍ മദ്ധ്യപ്രദേശിലെത്തന്നെ തികംഗ്രാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

അനന്തകുമാര്‍ ഹെഗ്‌ഡേ
49കാരനായ അനന്ത കുമാര്‍ 28ാം വയസ് മുതല്‍ പാര്‍ലമെന്റ് അംഗമാണ്. ഗ്രാമീണ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന കഡബ എന്ന സംഘടനയുടെ പ്രസിഡന്റാണ്. 

ഗജേന്ദ്ര സിങ് ഷെഖാവത്ത്
രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗം ബിജെപി കിസാന്‍ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ്.

സത്യപാല്‍ സിങ്
മുന്‍ മുംബൈ പൊലീസ് കമ്മിഷണറായിരുന്ന സത്യപാല്‍ സിങ് ഉത്തര്‍പ്രദേശിലെ ബഗ്പതില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com