മുംബൈ സ്‌ഫോടനക്കേസ്: രണ്ട് പേര്‍ക്ക് വധശിക്ഷ, അബുസലീമിന് ജീവപര്യന്തം

257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ.
മുംബൈ സ്‌ഫോടനക്കേസ്: രണ്ട് പേര്‍ക്ക് വധശിക്ഷ, അബുസലീമിന് ജീവപര്യന്തം

മുംബൈ: 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ. ഫിറോസ് ഖാന്‍, താഹിര്‍ മെര്‍ച്ചന്റ് എന്നിവര്‍ക്കാണ് മുംബൈ പ്രത്യേക ടാഡ കോടതി ജഡ്ജി ജി എ സനാപ് മരണശിക്ഷ വിധിച്ചത്. മുന്‍ അധോലോക നായകന്‍ അബുസലീം, കരീമുള്ള ഖാന്‍ എന്നിവര്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും മറ്റൊരു പ്രതിയായ റിയാസ് സിദ്ധിഖിക്ക് പത്ത് വര്‍ഷം കഠിന തടവും വിധിച്ചു.

പ്രതികളായ അബു സലിം, മുസ്തഫ ദോസ, ഫിറോസ് ഖാന്‍, താഹിര്‍ മര്‍ച്ചന്റ്, കരിമുള്ള ഖാന്‍, റിയാസ് സിദ്ദിഖി എന്നീ ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് ജൂണ്‍ 16ന് കോടതി വിധിച്ചിരുന്നു. മുഖ്യപ്രതികളായ ഫിറോസ് ഖാന്‍, താഹിര്‍ മര്‍ച്ചന്റ്, കരിമുള്ള ഖാന്‍ എന്നിവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം പോര്‍ച്ചുഗല്‍ പൗരനായ അബു സലിമിനെ ഇന്ത്യയ്ക്ക് കൈമാറിയപ്പോഴുള്ള ഉടമ്പടി പ്രകാരമാണ് അദ്ദേഹം വധശിക്ഷയില്‍ നിന്നും ഒഴിവായത്.

1993 മാര്‍ച്ച് 12ന് മുംബൈയിലുണ്ടായ സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്തതിന് പ്രതികാരമായി സ്‌ഫോടനങ്ങള്‍ നടത്തി എന്നാണ് കേസ്. 2011 ലാണ് ഈ ഏഴു പേരുടെ വിചാരണ ആരംഭിച്ചത്. കേസില്‍ ഇതുവരെ അറസ്റ്റിലായ എല്ലാ പ്രതികളുടേയും നിയമനടപടികള്‍ പൂര്‍ത്തിയായി. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് യാക്കൂബ് മേമനെ 2015 ല്‍ തൂക്കിലേറ്റിയിരുന്നു. അതേസമയം സ്‌ഫോടനങ്ങളുടെ മുഖ്യസൂത്രധാരന്മാരായ ദാവൂദ് ഇബ്രാഹിമും ടൈഗര്‍ മേമനും ഇപ്പോഴും ഒളിവിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com