പടര്‍ന്നുപിടിച്ച് ബ്ലോക്ക് നരേന്ദ്ര മോദി; മുന്നറിയിപ്പുമായി ബിജെപി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 08th September 2017 07:43 AM |
Last Updated: 08th September 2017 02:15 PM | A+A A- |

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂട്ടത്തോടെ ബ്ലോക്ക് ചെയ്തുള്ള സോഷ്യല്‍മീഡിയ ക്യാമ്പയിന്‍ വ്യാപിക്കുന്നു. ബെംഗളൂരുവില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച ട്വിറ്റര്‍ അക്കൗണ്ടുകളെ മോദി ഫോളോ ചെയ്യുന്നത് തുടരുന്നതില്‍ പ്രതിഷേധിച്ചാണ് ബ്ലോക്ക് നരേന്ദ്ര മോദി ക്യാമ്പയിന്‍ നടക്കുന്നത്.
ഗൗരി ലങ്കേഷ് വധത്തില്‍ ഒരു ചെറു നടുക്കംപോലും രേഖപ്പെടുത്താത്ത പ്രധാനമന്ത്രി അവരുടെ കൊലപാതകത്തില്‍ അമിതമായി ആഘോഷിക്കുന്നവരുടെ ട്വിറ്ററുകള്‍ ഫോളോ ചെയ്യുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം ശക്തമായി വാദിക്കുന്നു. അതേസമയം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് നടത്തിയ മോശം പ്രചാരണത്തിന് അദ്ദേഹത്തെ കുറ്റപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി ബിജെപി രംഗത്തെത്തി.
നരേന്ദ്ര മോദി ഇതുവരെ ആരെയും ബ്ലോക്ക് ചെയ്യുകയോ അണ്‍ഫോളോ ചെയ്യുകയോ ചെയ്തിട്ടില്ല. പ്രധാനമന്ത്രി ഫോളോ ചെയ്യുന്നുവെന്നത് ആര്‍ക്കും സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു തുല്യമല്ലെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
ഗൗരി ലങ്കേഷിന്റെ വധത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ ശക്തിപ്രാപിക്കുമ്പോള്‍ സംഘപരിലാര്‍ അതില്‍ സന്തോഷിക്കുകയാണ് ചെയ്യുന്നതെവന്നും ആ സന്തോഷം പങ്കുവെയ്ക്കുന്നവര്‍ക്കൊപ്പമാണ് മോദിയെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
എംബി രാജേഷ് അടക്കമുള്ളവര്‍ മോദിക്കെതിരെ ശക്തമായി തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഉറങ്ങാന്‍ പോലും സമയമില്ലാത്ത വിധം രാഷ്ട്രസേവനം നടത്തുന്നുവെന്ന് ഭക്തര്‍ അവകാശപ്പെടുന്ന പ്രധാനമന്ത്രി തിരക്കിനിടയിലും പിന്തുടരുന്നത് കുറച്ചാളുകളെയാണ്. കണ്ട അലവലാതി കമ്മികളേയും കൊങ്ങികളേയുമൊന്നും പിന്തുടരുന്നയാളല്ല പ്രധാനമന്ത്രി എന്നും ഓര്‍ക്കണം. അത്രയും യോഗ്യരായ അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ടവര്‍, വെടിയേറ്റ് ചിതറിയ ഒരു സ്ത്രീയുടെ മൃതശരീരം ചിതയിലേക്കെടുക്കും മുമ്പ് വിഷം ചീറ്റാന്‍ തുടങ്ങിയെങ്കില്‍ വിഷസംഭരണി എവിടെയാണെന്ന് അറിയാന്‍ പ്രയാസമുണ്ടോ? കൂട്ടത്തിലുള്ള ചിലര്‍ക്കു പോലും സഹികെട്ട് പറയേണ്ടിവന്നില്ലേ 'കൊല ഇങ്ങനെ പരസ്യമായി ആഘോഷിക്കുന്നത് വളരെ മോശ'മാണെന്ന്. എന്നിട്ടും ഇതെഴുതും വരെ പ്രധാനമന്ത്രിക്ക് എന്തേ അങ്ങിനെ തോന്നാത്തത്? അവരെ പിന്തുടരേണ്ടെന്ന് പോലും വെക്കാത്തത്? എന്തേ ഒരു ദുര്‍ബ്ബല വാക്കു കൊണ്ടു പോലും അപലപിക്കാത്തത് ?
ഇനി പിന്നീടെപ്പോഴെങ്കിലും കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടതുപോലെയോ മറ്റോ തോന്നുമായിരിക്കും.പട്ടിക്കുഞ്ഞുങ്ങള്‍ ഫാസിസ്റ്റ് അധികാര രഥചക്രങ്ങള്‍ക്കിടയില്‍ ചതഞ്ഞുകൊണ്ടേയിരിക്കുകയാണ്. വാതില്‍പ്പടികളില്‍ മരണം മുട്ടിവിളിച്ചുകൊണ്ടേയിരിക്കുകയാണ്. വെടിയുണ്ടകള്‍ നെഞ്ചും നെറ്റിയും പിളര്‍ന്ന് ചീറിപ്പാഞ്ഞുകൊണ്ടേയിരിക്കുകയാണ്. കത്തിച്ചുവച്ച മെഴുകുതിരികളും അനുശോചന യോഗങ്ങളും മതിയാവില്ല. എംബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.