കൊലവെറി അടങ്ങാതെ ഹിന്ദുത്വ ഭീകരര്‍; കൊല്ലാനുള്ള മാധ്യമ പ്രവര്‍ത്തരുടേയും രാഷ്ട്രീയക്കാരുടേയും ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസ് കേസ്

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 08th September 2017 12:34 PM  |  

Last Updated: 08th September 2017 07:36 PM  |   A+A-   |  

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റ വധത്തിന് പിന്നാലെ കൊല്ലാനുള്ള മറ്റ് മാധ്യമപ്രവര്‍ത്തകരുടേയും രാഷ്ട്രീയക്കാരുടേയും ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സാഗരിക ഘോഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. 

വിക്രമാദിത്യ റാണ എന്നയാളാണ് കൊലവെറി പോസ്റ്റ് ഇട്ടിരിക്കുന്നത്.
എഴുത്തുകാരി അരുന്ധതി റോയ്,മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ്,ആക്ടിവിസ്റ്റ്‌ കവിത കൃഷ്ണന്‍,വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാര്‍,ഷെഹ്‌ലാ റാഷിദ്,ഉമര്‍ ഖാലിദ് എന്നിവരെ കൊല്ലണം എന്നാണ് ഇയ്യാള്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തത്. ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സാഗരിക പരാതി നല്‍കിയത്. 

ഇയ്യാള്‍ ഷില്ലോങ് സ്വദേശിയാണെന്നു കണ്ടെത്തിയതായി ഡല്‍ഹി ഡപ്യൂട്ടി കമ്മീഷണര്‍ അന്വേഷി റോയ് മാധ്യമങ്ങളോട് പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ ഇയാളുടെ ഇമെയില്‍ ഐഡി, ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് എന്നിവ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് പൊലീസ്.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ തീവ്ര ഹിന്ദുത്വ വാദികള്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്ലാദ പ്രകടനങ്ങളും കൊലവെറി പോസ്റ്റുകളുമായി കളം നിറഞ്ഞിരുന്നു. മുമ്പും എതിര്‍ക്കുന്നവരെയെല്ലാം കാെന്നുതള്ളണം എന്ന് തീവ്ര ഹിന്ദുത്വ വാദികള്‍ പരസ്യമായി പ്രചാരണം നടത്തിയിട്ടിണ്ട്.