എഐവൈഎഫ്-എഐഎസ്എഫ് ലോംഗ് മാര്‍ച്ചിന് നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം; പൊലീസ് കൂട്ടുനിന്നുവെന്ന് ആരോപണം

ജാഥാ അംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വാഹനം തല്ലിത്തകര്‍ത്തു
എഐവൈഎഫ്-എഐഎസ്എഫ് ലോംഗ് മാര്‍ച്ചിന് നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം; പൊലീസ് കൂട്ടുനിന്നുവെന്ന് ആരോപണം

യമുന നഗര്‍: എഐവൈഎഫ്-എഐഎസ്എഫ് ലോംഗ് മാര്‍ച്ചിന് നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം. ഹരിയാനയില്‍ പര്യടനം നടത്തുന്ന മാര്‍ച്ചിന് നേരെ യമുന നഗറില്‍ വെച്ചാണ് ഇത്തവണ ആക്രമണമുണ്ടായത്. ജാഥാ അംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വാഹനത്തിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. 

ആര്‍എസ്എസ്-എബിവിപി പ്രവര്‍ത്തകരാണ് മാര്‍ച്ചിന് നേരെ ആക്രമണം നടത്തിയതെന്നും ജാഥാംഗങ്ങള്‍ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും അതിന് പിന്നാലെ സംഘപരിവാര്‍ ആക്രമണം നടത്തുകയായിരുന്നുവെന്നും എഐവൈഎഫ് ദേശീയ പ്രസിഡന്റ് സെയ്യദ് വലിയുല്ലഹ് ഖാദ്രി പറഞ്ഞു. 

ഉത്തര്‍പ്രദേശില്‍ പര്യടനം നടത്തുന്നതിനിടെ മാര്‍ച്ചിനെ തടയാന്‍ സംഘപരിവാറിനൊപ്പം പൊലീസും ശ്രമിച്ചത് വിവാദമായിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമം നടത്തിയപ്പോള്‍ നോക്കി നിന്ന പൊലീസ് എഐവൈഎഫ് പ്രവര്‍ത്തകര്‍ തിരിച്ച് പ്രതിരോധിച്ചപ്പോള്‍ സംഘപരിവാറിനൊപ്പം ചേര്‍ന്ന് എഐവൈഎഫ്-എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നുവെന്ന് ജാഥാഗംങ്ങള്‍ പറഞ്ഞു. 

ജാര്‍ഖണ്ഡിലെ കോഡെര്‍മയിലെ സ്വീകരണ സമ്മേളനത്തില്‍ അക്രമിക്കാനെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ തല്ലിയോടിക്കാന്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം എസ്എഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്നിരുന്നു. ബംഗാളിലും,മധ്യപ്രദേശിലും മാര്‍ച്ചിന് നേരെ സമാനമായ അക്രമങ്ങള്‍ സംഘപരിവാര്‍ അഴിച്ചുവിട്ടിരുന്നു. ബംഗാളിലെ സ്വീകരണ യോഗത്തിലേക്ക് ഇടിച്ചു കയറയിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എഐഎസ്എഫ് നേതാവ് കനയ്യ കുമാറിന് നേരെ മഷിയൊഴിക്കാന്‍ ശ്രമിച്ചിരുന്നു. 

സേവ് ഇന്ത്യ-ചെയ്ഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫും എഐഎസ്എഫും സംയുക്തമായി നടത്തുന്ന ലോംഗ് മാര്‍ച്ച് കന്യാകുമാരിയില്‍ നിന്നാണ് ആരംഭിച്ചത്. പഞ്ചാബിലെ ഹുസൈനിവാലയിലാണ് മാര്‍ച്ച് സമാപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com