ഏഴുവയസ്സുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട സ്‌കൂള്‍ ബിജെപിയുടെ റിക്രൂട്ടിങ് കേന്ദ്രം; വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും നിര്‍ബന്ധിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്ത് മാനേജ്‌മെന്റ്

ഏഴുവയസ്സുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട സ്‌കൂള്‍ ബിജെപിയുടെ റിക്രൂട്ടിങ് കേന്ദ്രം; വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും നിര്‍ബന്ധിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്ത് മാനേജ്‌മെന്റ്

സ്‌കൂളിലെ തോട്ടക്കാരന്‍ മുതല്‍ മുതിര്‍ന്ന അധ്യാപകര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ പത്തു മെമ്പര്‍മാരെ ചേര്‍ക്കണമെന്നാണ് മാനേജ്‌മെന്റ് നിര്‍ദേശിച്ചിരുന്നു 

ന്യൂഡല്‍ഹി:ഏഴുവയസ്സുകാരന്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട ഗുഡ്ഗാവിലെ റയാണ്‍ ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ ബിജെപിയുടെ മെമ്പര്‍ഷിപ്പ് റിക്രൂട്ടിങ് കേന്ദ്രമെന്ന് റിപ്പോര്‍ട്ടുകള്‍. സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും ബിജെപിയില്‍ ചേരണമെന്ന് മാനേജ്‌മെന്റ് നിരന്തരം നിര്‍ബന്ധിക്കാറുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ രണ്ട് വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌കൂളില്‍ ബിജെപിയ്ക്ക് വേണ്ടി പരസ്യമായി മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടക്കാറുണ്ട്.നിര്‍ബന്ധിച്ച് പാര്‍ട്ടിയില്‍ ചേരണമെന്ന് പറഞ്ഞിട്ടില്ലെന്നും താത്പര്യമുള്ളവര്‍ക്ക് ചേരാമെന്നുമാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.എന്നാല്‍ അങ്ങനെയല്ലായെന്നും നിര്‍ബന്ധിച്ചാണ് പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതെന്നും അധ്യാപകരും മറ്റ് ഉദ്യോഗസ്ഥരും പറയുന്നു. പാര്‍ട്ടിയില്‍ ചേരാത്തതിന്റെ പേരില്‍ ശമ്പളം പിടിച്ചുവെച്ച സംഭവം വരെ നടന്നിട്ടുണ്ടെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുന്നുണ്ടെന്ന് സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ ഗ്രെയിസ് പിന്റോ സമ്മതിക്കുന്നു.എന്നാല്‍ നിര്‍ബന്ധിച്ച് പാര്‍ട്ടിയില്‍ ചേര്‍ക്കുന്നില്ല എന്നാണ് പിന്റോ പറയുന്നത്. വിദ്യാര്‍ത്ഥികളോടും രക്ഷകര്‍ത്താക്കളോടും ബിജെപിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പിന്റോ വാദിക്കുന്നു.ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ദേശീയ സെക്രട്ടറിയാണ് പിന്റോയെന്ന് മഹിളാ മോര്‍ച്ച ഡല്‍ഹി പ്രസിഡന്റ് കമല്‍ജീത് ശെഹ്‌റാവത്ത് പറയുന്നു. 

പാര്‍ട്ടിയില്‍ ചേരാനുള്ള ടോള്‍ഫ്രീ നമ്പര്‍ തങ്ങള്‍ക്ക് സ്‌കൂള്‍ അധികൃതരുടെ നമ്പരില്‍ നിന്ന് വാട്‌സ്അപ് മെസേജുകളായി ലഭിക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നു.സ്‌കൂളിലെ തോട്ടക്കാരന്‍ മുതല്‍ മുതിര്‍ന്ന അധ്യാപകര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ പത്തു മെമ്പര്‍മാരെ ചേര്‍ക്കണമെന്ന്‌ മാനേജ്‌മെന്റ് നിര്‍ദേശിച്ചിരുന്നു. 

എട്ടാംതീയതി ഏഴുവയസ്സുകാരന്‍ സ്‌കൂള്‍ ടോയിലറ്റില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് സ്‌കൂള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ സ്‌കൂള്‍ അധികൃതരാണ് എന്നാരോപിച്ച് നൂറുകണക്കിന് രക്ഷകര്‍ത്താക്കളും നാട്ടുകാരും ഇന്ന് സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com