റൊഹിംഗ്യന്‍ മുസ്ലീങ്ങളെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ നീക്കം അപലപനീയം - യുഎന്‍

റോഹിങ്ക്യന്‍ മുസ്ലിം വംശജര്‍ മനുഷ്യത്വ രഹിതമായ ക്രൂരതയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അഭയാര്‍ത്ഥികളെ തിരികെ അയക്കാനുള്ള ഇന്ത്യയുടെ ശ്രമം അപലപനീയമെന്ന് യുഎന്‍ 
റൊഹിംഗ്യന്‍ മുസ്ലീങ്ങളെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ നീക്കം അപലപനീയം - യുഎന്‍

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ റോഹിങ്ക്യക്കാര്‍ പരക്കെ ആക്രമണത്തിന് വിധേയരാവുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരികെ അയക്കാനുള്ള ശ്രമത്തെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭ. റോഹിങ്ക്യന്‍ മുസ്ലിം വംശജര്‍ മനുഷ്യത്വ രഹിതമായ ക്രൂരതയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അഭയാര്‍ത്ഥികളെ തിരികെ അയക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ യുഎന്‍ ഹൈ കമ്മീഷണര്‍ സയ്യ്ദ് റാദ് ഹുസൈന്‍ വിമര്‍ശിച്ചു. ജനീവയില്‍ നടക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ 36-ാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യാന്‍മറില്‍ ഇപ്പോള്‍ നടക്കുന്നത് ഗോത്ര ഉന്മൂലനത്തിന്റെ ഉദാഹരമാണ്.മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചതിനാല്‍ സാഹചര്യത്തെ പൂര്‍ണമായും വിലയിരുത്താനിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞ.

അഭയാര്‍ത്ഥികളെ തിരിച്ചയക്കുമെന്ന ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ നിലപാട് ശരിയല്ലെന്നും യുഎന്‍ ഹൈ കമ്മീഷണര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ 40,000ത്തിലധികം റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ താമസിക്കുന്നുണ്ട്. ഇതില്‍ പതിനാറായിരത്തിലധികം പേര്‍ക്ക് അഭയാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചതാണ്.

രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയുന്ന 40,000ത്തോളം പേരെ പുറത്താക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തീരുമാനമെടുത്തിരുന്നു. മ്യാന്‍മര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി റോഹിങ്ക്യന്‍ മുസ്ലിം വേട്ടയ്ക്ക് നിശബ്ദ പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിച്ചത്. മ്യാന്‍മറിലെ സുരക്ഷാ സേനയ്ക്ക് നേരേ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി റോഹിങ്ക്യന്‍ വേട്ടയ്‌ക്കെതിരെ മിണ്ടാതിരുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള ഇന്ത്യന്‍ ഭരണകൂട ശ്രമങ്ങളെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയും രംഗത്തെത്തിയത്.

ബുദ്ധ മതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ മുസ്ലിംകളായ റോഹിങ്ക്യ വംശജര്‍ വേട്ടയാടപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മ്യാന്‍മറിലേക്ക് കുടിയേറിയ മുസ്ലിം വ്യാപാരികളുടെ പിന്‍തുടര്‍ച്ചക്കാരാണ് ഇവര്‍. മ്യാന്‍മറില്‍ ഇവര്‍ക്ക് പൗര്വതമോ ഭൂവുടമസ്ഥാവകാശമോ സഞ്ചാര സ്വാതന്ത്ര്യമോ അനുവദിക്കില്ല. 2011ല്‍ പ്രസിഡന്റ് തെയ്ന്‍ സെയ്ന്‍ കൊണ്ടുവന്ന പരിഷ്‌ക്കാര നടപടികളാണ് റോഹിങ്ക്യകള്‍ക്കെതിരായ അത്രിക്രമത്തിന് തീവ്രത കൂട്ടിയത്. 2010 ജൂണ്‍ഓക്ടോബര്‍ കാലയളവില്‍ റോഹിങ്ക്യകള്‍ അധിവസിക്കുന്ന രഖിനെ സംസ്ഥാനം കലാപഭൂമിയായി. വീടുകളും കച്ചവട സ്ഥാപനങ്ങളും അഗ്‌നിക്കരിയാക്കി. നൂറുകണക്കിനാളുകളെ കൂട്ടക്കൊല ചെയ്തു. വ്യാപക കൊള്ളയും കൊള്ളിവെപ്പും അരങ്ങേറി. ഇതോടെ ഇവര്‍ പല രാജ്യങ്ങളിലേക്കും അഭയാര്‍ത്ഥികളായി തിരിച്ചു.

വടക്കന്‍ രാഖിനിലെ പൊലീസ് ഔട്ട്‌പോസ്റ്റില്‍ റോഹിംഗ്യന്‍ കലാപകാരികള്‍ ഓഗസ്ത് 25ന് പൊലീസിന് നേരെ ആക്രമണം നടത്തിയിരുന്നു. ഇതില്‍ 12 പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ ക്രൂരമായ രീതിയിലായിരുന്നു സൈന്യം പ്രതികരിച്ചത്. തുടര്‍ന്നാണ് റൊഹിംഗ്യകള്‍ ആക്രമണത്തിന് ഇരയായതും ഗ്രാമങ്ങള്‍ തീവെച്ച് നശിപ്പിക്കുകയുമുണ്ടായത്. ഇതേതുടര്‍ന്ന് മൂന്നുലക്ഷത്തിലധികം റോഹിംഗ്യകള്‍ സമീപരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു. ഇന്ത്യയിലേക്ക്  രക്ഷപ്പെട്ടെത്തിയവരാണ് ഇപ്പോള്‍ കുടിയിറക്കല്‍ ഭീഷണി നേരിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com