പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ 

പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും ബോംബുകള്‍ നിര്‍മിക്കുന്നുണ്ടെന്നും എന്‍ഐഎ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യ്‌ക്കെതിരെ നിരോധനമടക്കമുള്ള നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നതായി സൂചന. ഭീകരപ്രവര്‍ത്തനങ്ങളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് നടപടികളിലേക്ക് നീങ്ങുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും ബോംബുകള്‍ നിര്‍മിക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇടുക്കി ജില്ലയില്‍ പ്രൊഫസറുടെ കൈപ്പത്തി വെട്ടിയ കേസ്, കണ്ണൂരിലെ ക്യാമ്പില്‍നിന്ന് എന്‍ഐഎ വാളുകള്‍ കണ്ടെത്തിയ സംഭവം, ബോംബുനിര്‍മാണം, ബെംഗളൂരുവിലെ ആര്‍എസ്എസ് നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഇസ്‌ലാമിക് സ്‌റ്റേറ്റ് അല്‍ഹിന്ദിയോടൊപ്പം ചേര്‍ന്ന് ദക്ഷിണേന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍ തുടങ്ങിയവയാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍എഐ കണ്ടെത്തിയിരിക്കുന്ന കുറ്റങ്ങള്‍. 

ഇത്രയും കാരണങ്ങള്‍ കൊണ്ട് തന്നെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍  യുഎപിഎ ചുമത്തി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജേന്‍സി വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ കാഴ്ചക്കാരായി നില്‍ക്കാനാവില്ലെന്നും നടപടിയെടുക്കാന്‍ വൈകിക്കൂടായെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ എക്‌സിക്യുട്ടീവ് കൗണ്‍സിലംഗം പി. കോയ ആരോപണങ്ങള്‍ നിഷേധിച്ചു. അന്വേഷണത്തിനായി എന്‍ഐഎ തങ്ങളുടെ സംഘടനയെ സമീപിച്ചിട്ടില്ലെന്ന് കോയ വ്യക്തമാക്കി. 

''ദേശവിരുദ്ധമായി പോപ്പുലര്‍ ഫ്രണ്ട് ഒന്നും ചെയ്യുന്നില്ല. ഞങ്ങള്‍ ഭീകരവാദ ക്യാമ്പുകള്‍ നടത്തിയിട്ടില്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടെ 10 കേസുകള്‍ മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പേരിലുള്ളത്. കേരളത്തിലെ ആര്‍.എസ്.എസ്.സി.പി.എം. സംഘര്‍ഷങ്ങളില്‍ നൂറോളംപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇരുസംഘടനകളെയും ദേശവിരുദ്ധമെന്ന് വിളിക്കുന്നില്ല,കോയ പറഞ്ഞു. 

പോപ്പുലര്‍ ഫ്രണ്ടിന് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരുള്ളത് കേരളത്തിലാണ്. 2006 നവംബറിലാണ് സംഘടന രൂപംകൊള്ളുന്നത് എന്‍ജിഒ ആയാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്‍ഡിഎഫിന്റെ നിരോധനത്തെത്തുടര്‍ന്നാണ് പിഎഫ്‌ഐ രൂപംകൊള്ളുന്നത്. ഇസ്‌ലാമിക മൗലികവാദം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്ന സംഘടന മറ്റ് ഇസ്‌ലാമിക് സംഘടനകള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും എതിരായും ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com