പ്രതിരോധ ചുവപ്പില്‍ ഹുസൈനിവാല;   ലോങ് മാര്‍ച്ച് സമാപനത്തിലേക്ക് 

സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച എഐഎസ്എഫ്-എഐവൈഎഫ് ലോങ് മാര്‍ച്ച് സമാപനത്തിലേക്ക് 
പ്രതിരോധ ചുവപ്പില്‍ ഹുസൈനിവാല;   ലോങ് മാര്‍ച്ച് സമാപനത്തിലേക്ക് 

ന്യൂഡല്‍ഹി: സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച എഐഎസ്എഫ്-എഐവൈഎഫ് ലോങ് മാര്‍ച്ച് സമാപനത്തിലേക്ക്.  സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലൊരു വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനം നടത്തിയ ഏറ്റവും ദീര്‍ഘമായ യാത്രയായിരുന്നു 60 ദിവസം നീണ്ടുനിന്ന ലോങ് മാര്‍ച്ച്. ജൂലൈ 15ന് ആരംഭിച്ച് 19 സംസ്ഥാനങ്ങളിലൂടെ പര്യടനം നടത്തിയാണ് മാര്‍ച്ച് സമാപിക്കുന്നത്. സംഘപരിവാറിന്റെ ഫാസിസ്റ്റ് നിലപാടുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുക എന്നതായിരുന്നു മാര്‍ച്ചിന്റെ പ്രാഥമിക ഉദ്യേശ്യം. മാര്‍ച്ചിലുടനീളം ഇടത്,വലത് പുരോഗമന പ്രസ്ഥാനങ്ങള്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി എത്തിയിരുന്നു. പലയിടത്തും സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരുകള്‍ മാര്‍ച്ചിന് അനുമതി നിഷേധിച്ചിരുന്നു. 

മതേതരത്വം സംരക്ഷിക്കുക, സൗജന്യവും തുല്യതയുള്ളതും ശാസ്ത്രീയവുമായ വിദ്യാഭ്യാസംഎല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാക്കുക, തൊഴില്‍ മേഖലയില്‍ ഭഗത് സിംഗ് ദേശീയ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കുക, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുക, പൊതുമേഖലയെ സംരക്ഷിക്കുക, സ്വകാര്യ മേഖലയില്‍ സംവരണം ഉറപ്പുവരുത്തുക, സമ്പൂര്‍ണ്ണ തെരഞ്ഞെടുപ്പ് പരിഷ്‌കരണം നടപ്പിലാക്കുക തുടങ്ങിയവയാണ് ലോങ്ങ് മാര്‍ച്ച് ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യങ്ങള്‍. 

എന്തുകൊണ്ട് ഹുസൈനിവാല എന്ന ചോദ്യത്തിന് സംഘടനകള്‍ക്ക് കൃത്യമായ ഉത്തരമുണ്ട്. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ ഇന്ത്യാ  പാകിസ്ഥാന്‍ അതിര്‍ത്തി ഗ്രാമമാണ് ഹുസൈനിവാല. അനേക യുദ്ധങ്ങളുടെ തീവ്രതയും വിഭജനത്തിന്റെ കണ്ണീരും ഏറ്റുവാങ്ങിയ ഗ്രാമം. സത് ലജ് നദി ഈ ഗ്രാമത്തിന്റെ അതിര് പങ്കിടുന്നു.  ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടചരിത്രത്തിലെ അനശ്വര രക്തസാക്ഷികളായ ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റിയ ലാഹോര്‍ ജയില്‍ ഇവിടെനിന്നും അധികം അകലെയല്ല.തൂക്കിലേറ്റിയ ശേഷം, വിവരം പുറത്തുവിട്ടാല്‍ ഉണ്ടാകാനിടയുള്ള ജനരോഷം ഭയന്ന് മൂവരുടെയും മൃതദേഹങ്ങള്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഹുസൈനിവാലായില്‍ നദീതീരത്ത് കത്തിച്ചുകളയുകയായിരുന്നു.

പിന്നീട് രാജ്യവിഭജനത്തെ തുടര്‍ന്ന് ഹുസൈനിവാല പാകിസ്ഥാന്റെ ഓഹരിയിലായി. വിപ്ലവകാരികള്‍ക്കായി നിര്‍മ്മിച്ച രക്തസാക്ഷി സ്മാരകവും അവഗണിക്കപ്പെട്ടു. കാലങ്ങള്‍ നീണ്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവില്‍ 1961ല്‍ തൊട്ടടുത്ത പ്രദേശമായ ഫാസില്‍ക്കയിലെ 12 ഗ്രാമങ്ങള്‍ പാകിസ്ഥാന് പകരം കൈമാറിയാണ് ഇന്ത്യ ഹുസൈനിവാല തിരികെ വാങ്ങിയത്. പില്‍ക്കാലത്ത്, ഭഗത് സിംഗിനൊപ്പം ബ്രിട്ടീഷ് അസ്സംബ്ലിയില്‍ ബോംബെറിഞ്ഞ ബി കെ ദത്തിനും ഭഗത് സിംഗിന്റെ മാതാവ് സത്യവതിക്കും അന്ത്യവിശ്രമമൊരുക്കിയതും ഇതേ നദീ തീരത്താണ്. രാജ്യം സമാനതകളില്ലാത്ത വെല്ലുവിളികളെയും ഫാസിസ്റ്റു ഭീഷണികളെയും നേരിടുന്ന കാലഘട്ടത്തില്‍, പിറന്ന മണ്ണിന്റെ മോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച അനശ്വര രക്തസാക്ഷികള്‍ സ്വപ്നം കണ്ട ഇന്ത്യയെ യാഥാര്‍ഥ്യമാക്കുന്നതിനായി പോരടിക്കുന്ന പുതിയകാലത്തെ പോരാളികളുടെ മാര്‍ച്ചിന്റെ സമാപനത്തിനു വേദിയാകുവാന്‍ രക്തസാക്ഷി സ്മരണകളിരമ്പുന്ന ഈ നദീതീരമല്ലാതെ മറ്റെവിടമാണ് ഇത്രമേല്‍ അനുയോജ്യമായത്, എഐഎസ്എഫ് നേതാക്കള്‍ ചോദിക്കുന്നു. 

മാര്‍ച്ച് കടന്നുവന്ന വഴികളിലെല്ലാം സംഘപരിവാരത്തിന്റെ കനത്ത ഭീഷണിയുണ്ടായിരുന്നു. മധ്യപ്രദേശ്. ബംഗാള്‍,ബിഹാര്‍,ഡല്‍ഹി,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെല്ലാം മാര്‍ച്ചിന് നേരെ സംഘപരിവാര്‍ ആക്രമണം നടന്നു. ഉത്തര്‍പ്രദേശിലും ഹരിയാനയിലും പൊലീസ് കാവലിലായിരുന്നു ആക്രമണമെന്ന് എഐഎസ്എഫ് നേതാക്കള്‍ പറയുന്നു. ബംഗാളില്‍ കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കരിമഷി പ്രയോഗം നടത്തി. മാര്‍ച്ച് തുടങ്ങുന്നതിന് മുന്നേതന്നെ തടയുമെന്ന് സംഘപരിവലാര്‍ ഭീഷണി മുഴക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com