ഇന്ധനവില മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; ഇടപെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഈ നിരക്ക് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല
ഇന്ധനവില മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; ഇടപെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ജൂലായ് ഒന്നുമുതലുള്ള കണക്കനുസരിച്ച് ഡല്‍ഹിയില്‍ ഏഴു രൂപയാണ് പെട്രോളിന് വര്‍ധിച്ചിരിക്കുന്നത്. ഇന്ധനവില ദിവസേന പുതുക്കുന്ന സംവിധാനം നടപ്പാക്കിയശേഷം ആദ്യമായാണ് വില ഇത്ര ഉയരുന്നത്. വില കുറയ്ക്കാന്‍ കേന്ദ്രം ഇടപെടില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ പറഞ്ഞു.എണ്ണക്കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശ്യവുമില്ല. ഉണ്ടെങ്കില്‍ അവരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനാകും ഇടപെടുക,മന്ത്രി പറഞ്ഞു. 

ബുധനാഴ്ച മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 79.48 രൂപയായി.കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളില്‍ ഡീസല്‍ വിലയും സമാനമായരീതിയില്‍ വര്‍ധിച്ച് 61.37 രൂപയും 61.84 രൂപയുമായി. 

ഈ വര്‍ഷം ജൂണിലാണ് പെട്രോള്‍, ഡീസല്‍ വില ദിവസേന പുതുക്കുന്ന സംവിധാനം നിലവില്‍വന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഈ നിരക്ക് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല.  ഈ അവസരത്തില്‍ പെട്രോളിയം മന്ത്രാലയത്തില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

ഇന്ധനവില ജി.എസ്.ടി.യ്ക്കു കീഴില്‍ കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നികുതി കുറയുന്നത് വിലവര്‍ധനയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അമേരിക്കയില്‍ ചുഴലിക്കാറ്റുകള്‍ കാരണം 13 ശതമാനം റിഫൈനറികളും അടച്ചിടേണ്ടിവന്നു. ഇത് ക്രൂഡ് ഓയില്‍ വിലയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നുണ്ടെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇന്ധനവിലയുടെ എക്‌സൈസ് നികുതി കുറയ്ക്കുമോയെന്ന ചോദ്യത്തിന് അത് ധനമന്ത്രാലയമാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com