ഹാദിയ കേസ്: എന്‍ഐഎ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാത്തത് വ്യക്തിപരമെന്ന് ജസ്റ്റിസ് രവീന്ദ്രന്‍

സുപ്രീംകോടതിക്ക് അയച്ച കത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മുന്‍പ് ഏറ്റെടുത്ത ചുമതലകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ജസ്റ്റിസ് രവീന്ദ്രന്‍
ഹാദിയ കേസ്: എന്‍ഐഎ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാത്തത് വ്യക്തിപരമെന്ന് ജസ്റ്റിസ് രവീന്ദ്രന്‍

കൊച്ചി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിന് മേല്‍നോട്ടം ഏറ്റെടുക്കാത്തത് വ്യക്തിപരമെന്ന്  റിട്ടയേര്‍ഡ് ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍. സുപ്രീംകോടതിക്ക് അയച്ച കത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മുന്‍പ് ഏറ്റെടുത്ത ചുമതലകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ജസ്റ്റിസ് രവീന്ദ്രന്‍ കത്തില്‍ പറയുന്നു. സെപ്തംബര്‍ 9നാണ് ജസ്റ്റിസ് രവീന്ദ്രന്‍ സുപ്രീംകോടതിക്ക് കത്തയച്ചത്. കത്ത് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും.

ആഗസ്റ്റ് പതിനാറിനാണ് ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. അന്വേഷണം കുറ്റമറ്റതായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് റിട്ടയേര്‍ഡ് ജസ്റ്റിസ് രവീന്ദ്രനെ സുപ്രീം കോടതി മേല്‍നോട്ടം വഹിക്കുന്നതിന് നിയമിച്ചത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

ഹാദിയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സിബിഐ അല്ലങ്കില്‍ എന്‍ഐഎ കേസ് അന്വേഷിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്‍ഐഎയുടെയും സിബിഐയുടെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ സംയുക്ത സമിതി കേസ് അന്വേഷിക്കണം. കേരളാ പോലീസിന്റെ കൈവശമാണ് കേസുമായി ബന്ധപ്പെട്ട രേഖകളെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ഹാദിയ, ഷെഫിന്‍ ദമ്പതികളുടെ വിവാഹം അസാധുവാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com