ആദ്യം മാലിന്യം വിതറി, പിന്നെ ശുചീകരണ യത്‌നം നടത്തി അല്‍ഫോണ്‍സ്‌ കണ്ണന്താനം; നാടകം ഇന്ത്യാ ഗേറ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2017 11:08 AM  |  

Last Updated: 18th September 2017 07:35 PM  |   A+A-   |  

alphons_650x400_51505656439

ന്യൂഡല്‍ഹി: ഇന്ത്യാ ഗേറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പരിപാടി.  എന്നാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു ഇവിടെ മാലിന്യം ഒന്നുമില്ലെന്ന് പരിപാടിയുടെ സംഘാടകര്‍ തിരിച്ചറിഞ്ഞത്. പിന്നെ മാലിന്യം കൊണ്ടുവന്നിട്ട് മുറപോലെ ടൂറിസം മന്ത്രി അവിടം ശുചീകരിച്ചു. 

കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛതാ ഹി സേവ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കണ്ണന്താന്ത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥരും, കോളെജ് വിദ്യാര്‍ഥികളുമായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിശ്ചയിച്ചിരുന്നിടത്ത് മാലിന്യം ഇല്ലെന്ന് കണ്ടെത്തിയതും, മറ്റ് എവിടെയോ നിന്ന് പ്ലാസ്റ്റിക് കുപ്പി, ഐസ്‌ക്രീം കപ്പുകള്‍, പാന്‍ മസാല പാക്കറ്റുകള്‍, ഉണങ്ങിയ ഇല എന്നിവ കൊണ്ടുവന്നിട്ടത്. 

കണ്ണന്താനം ഈ മാലിന്യമെല്ലാം പിന്നീട് സ്വന്തം കൈകൊണ്ട് എടുത്ത് മാറ്റി. കേന്ദ്ര മന്ത്രിയുടെ ശുചീകരണ യത്‌നം കണ്ട് കൂടി നിന്നവരുടെ നേരെ മന്ത്രി കൈവീശി കാണിച്ചെങ്കിലും അത് കേന്ദ്ര മന്ത്രിയാണെന്ന് കൂടിനിന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും മനസിലായിരുന്നില്ല. 

ഇവിടെ ഗോല്‍ഗപ്പ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വില്‍ക്കുന്ന വഴിയോര വില്‍പ്പനക്കാരുമായും കണ്ണന്താനം സംസാരിച്ചു. വില്‍പ്പന എങ്ങിനെയുണ്ടെന്നെല്ലാം കുശലാന്വേഷണം നടത്തിയ കണ്ണന്താനം സാധനങ്ങള്‍ വാങ്ങുന്നവരോട് മാലിന്യം റോഡില്‍ ഇടരുതെന്ന് പറയണമെന്നും ആവശ്യപ്പെട്ടു. 

ഇന്ത്യാ ഗേറ്റ് ഉള്‍പ്പെടെ ടൂറിസം മന്ത്രാലയം തെരഞ്ഞെടുത്ത 15 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് ശുചീകരണ യത്‌നം നടത്തുമെന്നും മന്ത്രി പറഞ്ഞു.