നരോദ ഗാം കൂട്ടക്കൊല നടക്കുമ്പോള്‍ മായ കൊട്‌നാനി നിയമസഭയിലായിരുന്നുവെന്ന് അമിത് ഷാ 

2002 ഫെബ്രുവരി 28നായിരുന്നു നരോദാ ഗാം ആക്രമണം. ഇതിന് ശേഷം അഹമ്മദാബാദ് നഗരത്തില്‍ കലാപം ആളിപടരുകയായിരുന്നു
നരോദ ഗാം കൂട്ടക്കൊല നടക്കുമ്പോള്‍ മായ കൊട്‌നാനി നിയമസഭയിലായിരുന്നുവെന്ന് അമിത് ഷാ 

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച അഹമ്മദാബാദ് നരോദാ ഗാം കൂട്ടക്കൊല നടക്കുമ്പോള്‍ മുഖ്യ ആസൂത്രയകയെന്ന് ആരോപണമുള്ള മുന്‍മന്ത്രി മായാ കൊട്‌നാനി നിയമസഭയിലായിരുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രത്യേക കോടതിയില്‍. 11പേരുടെ മരണത്തിന് കാരണായ നരോദാ ഗാം ആക്രമണത്തിന് പ്രേരിപ്പിച്ചത് മായാ കൊട്‌നാനിയാണ് എന്നതാണ് കേസ്. ഈ കേസില്‍ കൊട്‌നാനിയ്ക്ക് വേണ്ടി സാക്ഷിയായി ആണ് അമിത് ഷാ കോടതിയില്‍ ഹാജരായത്.2002 ഫെബ്രുവരി 28നായിരുന്നു നരോദാ ഗാം ആക്രമണം. ഇതിന് ശേഷം അഹമ്മദാബാദ് നഗരത്തില്‍ കലാപം ആളിപടരുകയായിരുന്നു. ഈ കേസ് കൂടാതെ നരോദ പാട്യാ കലാപ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് മായാ കൊട്‌നാനി.

അയോധ്യയില്‍ നിന്ന് മടങ്ങിയ കര്‍സേവകര്‍ സഞ്ചരിച്ചിരുന്ന സബര്‍മതി എക്‌സപ്രസിന് ഒരു കൂട്ടം ഗോദ്രയില്‍ തീയിട്ടതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 59പേര്‍ ഗോദ്രാ കൂട്ടക്കൊലയില്‍ മരിച്ചിരുന്നു. തുടര്‍ന്ന് നടന്ന കലാപത്തില്‍ 1000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇതിലധികവും മുസ്‌ലിമുകള്‍ ആയിരുന്നു. 

ഫെബ്രുവരി 28ന് നിയമസഭയില്‍ നിന്നും ഗോദ്രാ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കാണാന്‍ ആശുപത്രിയിലെത്തിയ തന്നോടൊപ്പം കൊട്‌നാനിയും ഉണ്ടായിരുന്നുവെന്നാണ് അമിത് ഷാ നല്‍കിയിരിക്കുന്ന മൊഴി. മായ 11.30ഓടെയാണ് അന്നേദിവസം നിയമസഭയില്‍ നിന്ന് ആശുപത്രിയിലേക്ക് പോയതെന്ന് അമിത് ഷാ പറഞ്ഞു.അമിത് ഷാ കൊട്‌നാനിയെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് വാദിക്കുന്നതെന്ന് എതിര്‍ഭാഗം വക്കീല്‍ ചൂണ്ടിക്കാട്ടി. 

കലാപം നടക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരില്‍ സ്ത്രീ,ശിശു ക്ഷേമ മന്ത്രിയായിരുന്നു മായാ കൊട്‌നാനി. അമിത് ഷാ ഉള്‍പ്പെടെ 13പേരെ സാക്ഷികളായി വിസ്തരിക്കണമെന്ന് മായാ കൊട്‌നാനി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അമിത് ഷാ കോടതിയിലെത്തി മൊഴി നല്‍കിയത്. 2014ല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മായക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 2009ലാണ് സുപ്രീം കോടതി ഗുജറാത്ത് കലാപ കേസുകളില്‍ എത്രയും വേഗം വാദം പൂര്‍ത്തിയാക്കാന്‍ ആറ് സ്‌പെഷ്യല്‍ കോടതികള്‍ അനുവദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com