വീട്ടില്‍ വിലയേറിയ ട്രെഡ്മില്‍; സാദാ കുര്‍ത്തയ്‌ക്കൊപ്പം ഫാന്‍സി ഷൂ; മണിക് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ബിജെപി പ്രചാരണം

പഠിച്ച പണി പതിനെട്ടും പയറ്റാനിറങ്ങിയിരിക്കുന്ന ബിജെപി ഉന്നംവെയ്ക്കുന്നത്‌ അഞ്ചാം തവണയും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മണിക് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ്
വീട്ടില്‍ വിലയേറിയ ട്രെഡ്മില്‍; സാദാ കുര്‍ത്തയ്‌ക്കൊപ്പം ഫാന്‍സി ഷൂ; മണിക് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ബിജെപി പ്രചാരണം

ത്രിപുരയില്‍ 2018ല്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് സിപിഎമ്മിനും ബിജെപിക്കും അഭിമാന പോരാട്ടമാണ്. പഠിച്ച പണി പതിനെട്ടും പയറ്റാനിറങ്ങിയിരിക്കുന്ന ബിജെപി ഉന്നംവെയ്ക്കുന്നത്‌ അഞ്ചാം തവണയും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മണിക് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ്. അതിനായി പലതരത്തിലുള്ള പദ്ധതികളാണ് ബിജെപി ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ പോകുന്നത്. 

ബിജെപി ശ്രമിക്കുന്നത് നല്ല ഭരണാധികാരിയെന്ന മണിക് സര്‍ക്കാരിനുള്ള പേര് തകര്‍ക്കുക എന്നതിനാണ്,ബിജെപി അദ്ദേഹത്തിന്റെ ലളിത ജീവതത്തെ ചോദ്യം ചെയ്യുന്നു,അതുപോലെ  കടലാസുകളില്‍ മാത്രമാണ് സംസ്ഥാനം പുരോഗമിച്ചുവെന്ന് പറയുന്നത്,അതിനെ ബിജെപി ചോദ്യം ചെയ്യും-സംസ്ഥാനത്തിന്റെ ചുമതലയുള്ള സുനില്‍ ദേവ്ധര്‍ പറയുന്നു. 

മണിക് സര്‍ക്കാരിന്റെ ലാളിത്യം തട്ടിപ്പാണെന്ന് തെളിയിക്കാന്‍ ദേവ്ധര്‍ പ്രസംഗങ്ങളില്‍ പറയുന്നത്, മണിക് സര്‍ക്കാരിന് വീട്ടില്‍ സ്വന്തമായി വിലയേറിയ ട്രെഡ്മില്‍ ഉണ്ടെന്നും സ്ഥിര വേഷമായ ദോതി കുര്‍ത്തയ്‌ക്കൊപ്പം ഫാന്‍സി ഷൂകള്‍ ധരിക്കുന്നുവെന്നുമാണ്. 

മറ്റൊന്ന് മുഖ്യമന്ത്രി സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നുവെന്നും എന്നാല്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്ടറുകള്‍ വിട്ടു നല്‍കുന്നില്ലായെന്നുമാണ്. 
 
മണിക് സര്‍ക്കാരിനെതിരെയുള്ള നിരന്തരമായ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസംഗങ്ങളെ തുടര്‍ന്ന് നിരവധി കേസുകളാണ് ദേവ്ധറിനെതിരെ ഫയല്‍ ചെയ്തിട്ടുള്ളത്. മണിക് സര്‍ക്കാരിന്റെ കപടമുഖം സംസ്ഥാനത്ത് തകര്‍ന്നുവെന്നും അദ്ദേഹത്തിന്റെ മുഖംമൂടി ദേശീയതലത്തില്‍ തുറന്നുകാട്ടും എന്നുമാണ് ദേവ്ധര്‍ പറയുന്നത്. 

മണിക് സര്‍ക്കാരിന്റെ നല്ല ഭരണം എന്ന പൊയ്മുഖം തുറന്നുകാട്ടാന്‍ ഹിന്ദിയില്‍ പുസ്തകമിറക്കിയെന്നും ''ഇല്ല്യൂഷന്‍ ആന്റ് റിയാലിറ്റി: മണിക് സര്‍ക്കാര്‍ ദി റെഡ് ഫെയ്‌സ് ഓഫ് അനാര്‍കി'' എന്നപേരില്‍ ഇംഗ്ലീഷിലും
ഇറക്കുമെന്നും ദേവ്ധര്‍ പറയുന്നു. സ്വാതതന്ത്ര്യ ദിനത്തില്‍ മണിക് സര്‍ക്കാരിന്റെ പ്രസംഗം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യാതിരുന്നത് നല്ല കാര്യമാണെന്നും ദേവ്ധര്‍ പറയുന്നു. 

ആദിവാസികള്‍ക്കായി ഇടത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്ന് പ്രചരിപ്പിച്ച് ആദിവാസികളെ സര്‍ക്കാരിനെതിരാക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. വിഘടനലവാദികളായ ഇന്റിജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുമായി സഖ്യമുണ്ടാക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. 

പ്രത്യേക സംസ്ഥാനമാകണമെന്ന ഐപിഎഫ്ടിയുടെ ആവശ്യത്തെ നിരാകരിക്കുകയും അതേസമയം ഒരു സ്വയം ഭരണ ജില്ല അവര്‍ക്കായി നല്‍കാമെന്നും അതുവഴി കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാമെന്നുമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. 
1.25 ലക്ഷംവരുന്ന ഭൂരഹിതര്‍ക്ക് ഭൂമി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആദിവാസികള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ ഭേദഗതി ചെയ്യുമെന്നും ബിജെപി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി വക്താക്കള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com