ഗോവയില്‍ പൊതുസ്ഥലങ്ങളിലെ മദ്യപാനം നിരോധിക്കുന്നു; ഇനി പഴയ പോലെ ആഘോഷമില്ല

മദ്യം വാങ്ങി പുറത്തിരുന്ന മദ്യപിക്കാന്‍ അനുവദിച്ചാല്‍ മദ്യശാലകള്‍ക്കെതിരെ നടപടി എടുക്കുമെന്നും മനോഹര്‍ പരീക്കര്‍
ഗോവയില്‍ പൊതുസ്ഥലങ്ങളിലെ മദ്യപാനം നിരോധിക്കുന്നു; ഇനി പഴയ പോലെ ആഘോഷമില്ല

ഇനി പണ്ടത്തെ പോലെ ഗോവയില്‍ പോയി ആഘോഷിക്കാമെന്ന് കരുതേണ്ട. ഗോവയിലെ ആഘോഷങ്ങള്‍ക്ക് പൂട്ടിടുകയാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഗോവയില്‍ പൊതുസ്ഥലങ്ങളില്‍ ഇരുന്നു മദ്യപിക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കുമെന്ന് മനോഹര്‍ പരീക്കര്‍ വ്യക്തമാക്കുന്നു. 

നിയമം നിലവില്‍ വന്നതിന് ശേഷം പൊതു സ്ഥലങ്ങളിലിരുന്ന മദ്യപിച്ചതിന് പിടികൂടിയാല്‍ നിയമനടപടി നേരിടേണ്ടി വരും. പൊതുസ്ഥലങ്ങളിലെ മദ്യപാനം നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം ഒക്ടോബറില്‍ പുറത്തിറക്കും. 

അടുത്ത 15 ദിവസത്തിനുള്ളില്‍ പൊതുസ്ഥലങ്ങളിലെ മദ്യനിരോധനത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. മദ്യം വാങ്ങി പുറത്തിരുന്ന മദ്യപിക്കാന്‍ അനുവദിച്ചാല്‍ മദ്യശാലകള്‍ക്കെതിരെ നടപടി എടുക്കുമെന്നും മനോഹര്‍ പരീക്കര്‍ വ്യക്തമാക്കുന്നു. 

റോഡരികുകളില്‍ ഇരുന്നു ആളുകള്‍ മദ്യപിക്കാറുണ്ട്. മദ്യപിച്ചതിന് ശേഷം കു്പ്പികളും, ഭക്ഷണ മാലിന്യങ്ങളും ഇവിടെ തന്നെയിടും. ഇത് മലിനീകരണത്തിലേക്ക് നയിക്കുന്നുവെന്നും പരീക്കര്‍ പറയുന്നു. 

മദ്യ നിരോധന മേഖല എന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ ഇരുന്ന് മദ്യപിക്കുന്നവര്‍ക്ക് ശിക്ഷ നിഷ്‌കര്‍ശിച്ച് 1964ലെ എക്‌സൈസ് ഡ്യൂട്ടി ആക്ട് ഗോവ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഭേദഗതി ചെയ്തിരുന്നു. എന്നാലിപ്പോള്‍ എല്ലാ പൊതുസ്ഥലങ്ങളില്‍ നിന്നുമുള്ള മദ്യപാനവും നിരോധിക്കാന്‍ പോവുകയാണ് ഗോവ സര്‍ക്കാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com