സാരി വാങ്ങാന്‍ സ്ത്രീകള്‍ തമ്മില്‍ കൂട്ടത്തല്ല്; ജനപ്രീതി വര്‍ധിപ്പിക്കാന്‍ സൗജന്യ സാരി വിതരണം ചെയ്ത തെലങ്കാന സര്‍ക്കാര്‍ പൊല്ലാപ്പ് പിടിച്ചു

പരസ്പരം മുടിപിടിച്ചു വലിച്ചും ചവിട്ടിയും തല്ലുണ്ടാക്കുന്ന സ്ത്രീകളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി
സാരി വാങ്ങാന്‍ സ്ത്രീകള്‍ തമ്മില്‍ കൂട്ടത്തല്ല്; ജനപ്രീതി വര്‍ധിപ്പിക്കാന്‍ സൗജന്യ സാരി വിതരണം ചെയ്ത തെലങ്കാന സര്‍ക്കാര്‍ പൊല്ലാപ്പ് പിടിച്ചു

ഹൈദരാബാദ്: ജനപ്രീതി വര്‍ധിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് സാരിവിതരണം ചെയ്ത തെലങ്കാന സര്‍ക്കാര്‍ പൊല്ലാപ്പ് പിടിച്ചു.സാരി വിതരണം സംസ്ഥാനത്ത് പലയിടത്തും കൂട്ടത്തല്ലിലാണ് അവസാനിച്ചത്. തെലങ്കാനയുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ബത്തുകമ്മയോടനുബന്ധിച്ചാണ് സംസ്ഥാനത്തെ വനിതകള്‍ക്ക് സൗജന്യസാരിവിതരണം നടത്താന്‍ ചന്ദ്രശേഖരറാവു സര്‍ക്കാര്‍ തീരുമാനിച്ചത്. 

ദസറയോടനുബന്ധിച്ച് നടക്കുന്ന ബത്തുകമ്മയില്‍ പൂവുകള്‍ കൊണ്ടലങ്കരിച്ച ചെറുസ്തൂപങ്ങള്‍ക്ക് ചുറ്റും പുതിയ സാരിയണിഞ്ഞ് സ്ത്രീകള്‍ നൃത്തം ചെയ്യുന്നതാണ് ആചാരം. ഇതാണ് സ്ത്രീകള്‍ക്ക് പുതിയ സാരി വിതരണം ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അഞ്ഞൂറോളം വ്യത്യസ്ത ഡിസൈനുകളിലുള്ള ഒരു കോടിയിലേറെ സാരികളാണ് തെലങ്കാന സര്‍ക്കാര്‍ വാങ്ങിയ്.ഇതിനായി 222 കോടി രൂപ ചിലവായി. 18വയസ്സു കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും സാരി നല്‍കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. 

ഉന്നതനിലവാരമുള്ള കൈത്തറി സാരികളാണ് സ്ത്രീകള്‍ക്ക് സൗജന്യമായി നല്‍കുന്നതെന്ന് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയസമിതിയുടെ നേതാക്കളും വീമ്പിളക്കി.എന്നാല്‍ സാരി വിതരണം നടത്തിയ പലയിടത്തും പരിപാടി കൂട്ടത്തല്ലിലാണ് അവസാനിച്ചത്. ക്യൂവില്‍ നിന്ന സ്ത്രീകള്‍ തമ്മില്‍ ആദ്യം അടിയുണ്ടായി. പിന്നെ ഇഷ്ടപ്പെട്ട ഡിസൈന്‍ ലഭിക്കാത്ത പേരിലായി
തല്ല്. പരസ്പരം മുടിപിടിച്ചു വലിച്ചും ചവിട്ടിയും തല്ലുണ്ടാക്കുന്ന സ്ത്രീകളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. 

നിലവാരമില്ലാത്ത സാരികളാണ് സര്‍ക്കാര്‍ നല്‍കിയതെന്നും 50രൂപയുടെ നിലവാരം പോലുമില്ലാത്ത സാരികള്‍ തന്ന് സര്‍ക്കാര്‍ തങ്ങളെ അപമാനിക്കുകയായിരുന്നുവെന്നുമാണ് സ്ത്രീകളുടെ ആരോപണം. 

മുഖ്യമന്ത്രിയുടെ പെണ്‍മക്കള്‍ ഈ സാരി ഉടുക്കുമോ? ഇമ്മാതിരി സാരികള്‍ തരാതെ സമയത്ത് റേഷന്‍ തരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്, നിലവാരമില്ലാത്ത സാരി കിട്ടിയ മൈസമ്മ എന്ന സ്ത്രീ രോഷത്തോടെ പറഞ്ഞു.

കിട്ടിയ സാരികള്‍ കൂട്ടിയിട്ട് കത്തിച്ച് അതിന് ചുറ്റും മുഖ്യമന്ത്രിയെ കളിയാക്കുന്ന പാട്ടുംപാടി നൃത്തം ചെയ്യുന്ന സ്ത്രീകളുടെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. സാരിവിതരണം കുഴപ്പത്തിലായത് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്നാണ് ടിആര്‍എസ് കുറ്റപ്പെടുത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com