വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാര്‍, പുഷ്പക വിമാനത്തെക്കുറിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കണം: കേന്ദ്ര മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2017 12:22 PM  |  

Last Updated: 20th September 2017 06:08 PM  |   A+A-   |  

satyapal_singh

 

ന്യൂഡല്‍ഹി: പുഷ്പക വിമാനം ഉള്‍പ്പെടെയുള്ള ഭാരതീയ ശാസ്ത്ര മുന്നേറ്റങ്ങളെക്കുറിച്ച് എന്‍ജിയറിങ് വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി സത്യപാല്‍ സിങ്. റൈറ്റ് സഹോദരന്‍മാര്‍ക്ക് എട്ടു വര്‍ഷം മുമ്പേ ഇന്ത്യക്കാരന്‍ വിമാനം കണ്ടുപിടിച്ചിട്ടുണ്ട്. ഇതെല്ലാം പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സത്യപാല്‍ സിങ് പറഞ്ഞു. ഛാത്ര വിശ്വകര്‍മ പുരസ്‌കാരം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കാരനായ ശിവാകര്‍ ബാബുജി തല്‍പാഡെയാണ് വിമാനം കണ്ടുപിടിച്ചത്. റൈറ്റ് സഹോദരന്‍മാര്‍ക്കും എട്ടു വര്‍ഷം മുമ്പേ തല്‍പാഡെ വിമാനം കണ്ടുപിടിച്ചു. ഇത് നമ്മുടെ ഐഐടികളില്‍ പഠിപ്പിക്കുന്നുണ്ടോ? പാഠ്യപദ്ധതിയില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

രാമായണത്തില്‍ പ്രതിപാദിക്കുന്ന പുഷ്പക വിമാനത്തെക്കുറിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കണം. പുരാതന ഭാരതീയ ശാസ്ത്ര മുന്നേറ്റങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ വിശ്വകര്‍മാവിനെക്കുറിച്ച് അറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇപ്പോള്‍ ഇന്ത്യയുടെ ഗവേഷണ രംഗം പിന്നിലാണ്. എന്നാല്‍ മുമ്പ് ഇത് ഇങ്ങനെയായിരുന്നില്ല. രാമായണത്തില്‍ രാവണന്റെ രാജ്യത്ത് ചെടികള്‍ നനക്കേണ്ടതില്ലായിരുന്നു. ചെടികളില്‍ ചന്ദ്രമണിയുള്ളതുകൊണ്ടായിരുന്നു അത്. ഇത്തരം സാങ്കേതിക വിദ്യകള്‍ നാം കുട്ടികളെ പഠിപ്പിക്കണമെന്ന് മാനവ വിഭവ ശേഷി സഹമന്ത്രി പറഞ്ഞു.