വനിതാ സംവരണ ബില്‍: കേന്ദ്ര നീക്കത്തെ പിന്തുണച്ച് പ്രധാനമന്ത്രിക്ക് സോണിയാ ഗാന്ധിയുടെ കത്ത്

വനിതാ സംവരണബില്‍ പാസാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ കത്ത്
വനിതാ സംവരണ ബില്‍: കേന്ദ്ര നീക്കത്തെ പിന്തുണച്ച് പ്രധാനമന്ത്രിക്ക് സോണിയാ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: വനിതാ സംവരണബില്‍ പാസാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ കത്ത്. വനിതാ സംവരണ ബില്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സോണിയ പ്രധാനമന്ത്രിക്കു കത്ത് എഴുതിയിരിക്കുന്നത്.

വനിതാ സംവരണ ബില്‍ 2010 മാര്‍ച്ച് ഒമ്പതിന് രാജ്യസഭ പാസാക്കിയിരുന്നുവെന്ന കാര്യം സോണിയ കത്തില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് പലകാരണങ്ങള്‍മൂലം നീക്കം അവഗണിക്കപ്പെട്ടു. ലോക്‌സഭയില്‍ സര്‍ക്കാരിനുള്ള ഭൂരിപക്ഷം പ്രയോജനപ്പെടുത്തി വനിതാ സംവരണ ബില്‍ പാസാക്കണമെന്നാണ് സോണിയ കത്തില്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. 

സ്്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കത്തെ കോണ്‍ഗ്രസ് എക്കാലത്തും പിന്തുണച്ചിട്ടുണ്ടെന്നും തുടര്‍ന്നും പിന്തുണയുണ്ടാവുമെന്നും സോണിയ കത്തില്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീ സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയും മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും ആയിരുന്നു. 1989 ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനുള്ള നീക്കം തടസപ്പെടുത്തിയെങ്കിലും 1993 ല്‍ ഭരണഘടനാ ഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയെന്നും സോണിയാഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com