എന്‍ഡിടിവിയും ബിജെപി കൈകളിലേക്ക്; ചാനല്‍ വാങ്ങാന്‍ സ്‌പൈസ് ജെറ്റ് ഉടമ

എന്‍ഡിടിവി ഉടമകളായ പ്രണോയ് റോയും രാധിക റോയും സിബിഐ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനൊരുങ്ങുന്നത്
എന്‍ഡിടിവിയും ബിജെപി കൈകളിലേക്ക്; ചാനല്‍ വാങ്ങാന്‍ സ്‌പൈസ് ജെറ്റ് ഉടമ

ന്യൂഡല്‍ഹി: കടക്കെണിയിലായ പ്രമുഖ മാധ്യമ സ്ഥാപനം എന്‍ഡിടിവിയെ സപൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ് ഏറ്റെടുക്കുന്നു. എന്‍ഡിടിവി ഉടമകളായ പ്രണോയ് റോയും രാധിക റോയും സിബിഐ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനൊരുങ്ങുന്നത്.

ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അജയ് സിങ്ങ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ആപ്കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന ബിജെപിയുടെ പരസ്യ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് അജയ് സിങ്ങായിരുന്നു.ആദ്യ എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായിരുന്നു അജയ് സിങ്. 

എന്‍ഡിടിവി അജയ് സിങിന്റെ കൈകളിലെത്തുന്നതോടെ ബിജെപിയ്‌ക്കെതിരെ ശക്തമായി നിലനിന്ന ഒരു മാധ്യമസ്ഥാപനം കൂടി നിശബ്ദമാക്കപ്പെടുമെന്ന് രാഷ്ട്രീയ,മാധ്യമ നിരീക്ഷകര്‍ വിലയിരുത്തുന്നു. സംഘപരിവാറിനെ കടന്നാക്രമിച്ച് വാര്‍ത്തകള്‍ നല്‍കിയതാണ് എന്‍ഡിടിവിയെ വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് ആദ്യം മുതലേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

കരാറനുസരിച്ച് എഡിറ്റോറിയല്‍ അവകാശങ്ങളുള്‍പ്പെടെ 40 ശതമാനം ഓഹരികളാണ് അജയ് സിങ്ങിന് ലഭിക്കുക. പ്രണോയും രാധികയും 20 ശതമാനം ഓഹരികള്‍ നിലനിര്‍ത്തും. ഇരുവരുടേയും നേതൃത്വത്തിലുള്ള പിആര്‍പിആര്‍ ഹോള്‍ഡിംഗിന് 61.45 ശതമാനം ഓഹരികളായിരുന്നു ഉണ്ടായിരുന്നത്. 38.55 ശതമാനം ഓഹരികള്‍ പൊതു ഉടമസ്ഥതയിലാണ്.

600 കോടി രൂപയ്ക്കാണ് അജയ് സിങ്ങുമായുള്ള ഇടപാടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും ഇത്തരമൊരു നീക്കം നടക്കുന്നില്ലെന്നുമാണ് സ്‌പൈസ് ജറ്റ് അധികൃതര്‍ പറയുന്നത്. എന്‍ഡിടിവി വിഷയത്തോട് പ്രതികരിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com