ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും സദാചാര സങ്കല്‍പങ്ങളെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ റെയില്‍വെയുടെ നീക്കം

സെപ്റ്റംബര്‍ അഞ്ചിന് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ സോണല്‍ ജനറല്‍ മാനേജര്‍മാര്‍ക്കും റെയില്‍വെ അയച്ചുവെന്നാണ് വിവരം.
ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും സദാചാര സങ്കല്‍പങ്ങളെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ റെയില്‍വെയുടെ നീക്കം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും സദാചാര സങ്കല്‍പങ്ങളെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ വഴി വില്‍ക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. സെപ്റ്റംബര്‍ അഞ്ചിന് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ സോണല്‍ ജനറല്‍ മാനേജര്‍മാര്‍ക്കും റെയില്‍വെ അയച്ചുവെന്നാണ് വിവരം. സ്‌റ്റേഷനുകള്‍, പ്ലാറ്റ്‌ഫോമുകള്‍ എന്നിവിടങ്ങളിലുള്ള പുസ്തക വില്‍പന കേന്ദ്രങ്ങളില്‍ ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്.

ഇന്ത്യയുടെ പാരമ്പര്യം, സംസ്‌കാരം, മൂല്യങ്ങള്‍, ചരിത്രം, സദാചാരം എന്നിവ പ്രതിപാദിക്കുന്ന പുസ്തകങ്ങളാണ് വില്‍ക്കുന്നത്. ഇത് എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ഉള്ള സ്റ്റാളുകളില്‍ വില്‍ക്കുന്നുണ്ടെന്ന് എല്ലാ സോണല്‍ കേന്ദ്രങ്ങളും ഉറപ്പുവരുത്തണം. 2004ലെ നയത്തിന് പകരമായാണ് പുതിയ നയം കൊണ്ടുവന്നിരിക്കുന്നത്. 

വില്‍പന കേന്ദ്രങ്ങളില്‍ സാഹിത്യം, ബാല സാഹിത്യം, ചരിത്രം, യാത്ര, കല, സംസ്‌കാരം, സമകാലികങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ വില്‍ക്കണമെന്നാണ് 2004 ലെ നയം നിര്‍ദ്ദേശിക്കുന്നത്.  ഇതോടൊപ്പം പുതിയ വിഷയങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ നയം കൊണ്ടുവന്നിരിക്കുന്നത്. മള്‍ട്ടി പര്‍പ്പസ് സ്റ്റാള്‍ പോളിസി (എംപിഎസ്) എന്ന പേരിലിറക്കിയ സര്‍ക്കുലറില്‍ റെയില്‍വെ സ്‌റ്റേഷനുകളില്‍ നിലവിലുള്ള മിക്ക സ്റ്റാളുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ട്രെയിന്‍ യാത്രക്കിടെ യാത്രക്കാര്‍ക്ക് ഭക്ഷണമൊഴിച്ചുള്ള സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഒരു വില്‍പന കേന്ദ്രം എല്ലാ പ്ലാറ്റ്‌ഫോമുകളിലുമുണ്ടായിരിക്കണം. ഇത്തരം കേന്ദ്രങ്ങള്‍ വഴി പ്രാദേശിക പ്രാധാന്യമുള്ള സാധനങ്ങള്‍, കുടിവെള്ളം, മരുന്നുകള്‍, പാല്‍പൊടി പോലുള്ള ഫാര്‍മസി ഇതര സാധനങ്ങള്‍ എന്നിവയും വില്‍ക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 
ട്രെയിന്‍ സമയ വിവരങ്ങള്‍ ഇത്തരം വില്‍പന കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. 

കൂടാതെ റെയില്‍വേയുടെ പ്രസിദ്ധീകരണങ്ങളും ഇവിടെ ലഭ്യമാക്കണം. ചെറുകിട വ്യാപാരികള്‍, വ്യക്തികള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവര്‍ക്ക് വില്‍പന കേന്ദ്രങ്ങള്‍ക്കായി ലൈസന്‍സിന് അപേക്ഷിക്കാം. ടെന്‍ഡര്‍ വിളിച്ചാണ് ഇവക്കുള്ള അനുമതി നല്‍കേണ്ടതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഇത്തരം സ്റ്റാളുകളില്‍ പണ വിനിമയത്തിനായി സൈ്വപ്പിങ് മെഷിനുകള്‍ ഉപയോഗിക്കണമെന്നും 100 രൂപയ്ക്ക് മുകളില്‍ ഇടപാടുനടത്തുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. 100 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് ഇ വാലറ്റ് സൗകര്യം ഉണ്ടായിരിക്കണമെന്ന നിബന്ധനയും സര്‍ക്കുലറിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com