ഗാന്ധിജിയുടെ ഘാതകരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് പാക്കിസ്ഥാന്‍; മുസ്ലീങ്ങളുടെ രക്തക്കറ പതിഞ്ഞ കൈകളുമായി അവര്‍ ഇന്ത്യ ഭരിക്കുന്നു

ഗുജറാത്തിലെ ആയിരക്കണക്കിന് മുസ്ലീംങ്ങളുടെ രക്തക്കറ പതിഞ്ഞ കൈകളുമായാണ് നേതാക്കള്‍ ഇന്ത്യ ഭരിക്കുന്നത്
ഗാന്ധിജിയുടെ ഘാതകരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് പാക്കിസ്ഥാന്‍; മുസ്ലീങ്ങളുടെ രക്തക്കറ പതിഞ്ഞ കൈകളുമായി അവര്‍ ഇന്ത്യ ഭരിക്കുന്നു

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ ഉയര്‍ത്തിയ രൂക്ഷ വിമര്‍ശനത്തിന് പാക്കിസ്ഥാന്റെ തിരിച്ചടി. ദക്ഷിണ ഏഷ്യയിലെ തീവ്രവാദത്തിന്റെ മാതാവാണ് ഇന്ത്യ. ഗാന്ധിജിയുടെ ഘാതകരാണ് ഇന്ത്യ ഭരിക്കുന്നതെന്നും സുഷമ സ്വരാജിന്റെ പ്രസംഗത്തിന് പിന്നാലെ പാക്കിസ്ഥാന്‍ തിരിച്ചടിച്ചു. 

എല്ലാ അയല്‍രാജ്യങ്ങള്‍ക്കെതിരേയും തീവ്രവാദത്തിന് പണമൊഴുക്കുന്നത് ഇന്ത്യയാണ്. ഐക്യരാഷ്ട്ര സഭയിലെ പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധി മലീഹാ ലോധിയാണ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. 

വേട്ടക്കാരന്റെ മനോഭാവമാണ് ഇന്ത്യയ്ക്ക്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല. കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളെ കുറിച്ചും, ഇന്ത്യയുടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളിലും ഇടപെടാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണം. 

ഗുജറാത്തിലെ ആയിരക്കണക്കിന് മുസ്ലീംങ്ങളുടെ രക്തക്കറ പതിഞ്ഞ കൈകളുമായാണ് നേതാക്കള്‍ ഇന്ത്യ ഭരിക്കുന്നത്. ഒരു മതഭ്രാന്തനെയാണ് ബിജെപി ഇന്ത്യയില്‍ വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയാക്കിയിരിക്കുന്നതെന്നും പാക് പ്രതിനിധി യുഎന്നില്‍ ആരോപിച്ചു. 

എഴുത്തുകാരി അരുന്ധതി റോയിയുടെ വാക്കുകളും പരാമര്‍ശിച്ചായിരുന്നു ഇന്ത്യയ്ക്കുള്ള പാക്കിസ്ഥാന്റെ മറുപടി. ഈ ക്രൂര കൊലപാതകങ്ങള്‍ സൂചന മാത്രമാണ്. ദളിത്, ആദിവാസി, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ജനങ്ങള്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ ചിത്രവും ഉയര്‍ത്തിക്കാട്ടി യുഎന്നില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com