ബാനറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിന് നക്‌സല്‍ ബന്ധം: സുബ്രഹ്മണ്യന്‍ സ്വാമി

കാര്യങ്ങള്‍ എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പോലെയാണ് തോന്നുന്നതെന്ന് സുബ്രഹ്ണ്യന്‍ സ്വാമി
ബാനറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിന് നക്‌സല്‍ ബന്ധം: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിന് നക്‌സല്‍ ബന്ധമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നക്‌സലൈറ്റുകളുടെ പ്രവര്‍ത്തനമായാണ് പ്രതിഷേധത്തെ തനിക്കു തോന്നുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. പ്രതിഷേധത്തിനെതിരായ നടപടികളില്‍ വൈസ് ചാന്‍സലറെ പിന്തുണയ്ക്കുന്നതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുമായുള്ള അഭിമുഖത്തില്‍ സ്വാമി പറഞ്ഞു. 

പ്രതിഷേധക്കാര്‍ക്ക് വൈസ് ചാന്‍സലറുടെ മുറിയില്‍ പ്രവേശിക്കണമെന്നായിരുന്നു ആവശ്യം. അവിടെക്കയറി ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. പ്രതിഷേധക്കാര്‍ വിസിയുടെ വീട്ടിലേക്കു കയറാന്‍ ശ്രമിച്ചു. ഇതു തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലെത്തിയത്. അങ്ങനെയാണ് ലാത്തിചാര്‍ജ് നടന്നതെന്ന് സ്വാമി പറഞ്ഞു. 

പ്രതിഷേധങ്ങള്‍ക്കു കാരണം പൂവാല ശല്യമാണെന്നാണ് സമരക്കാര്‍ പറയുന്നത്. എന്നാല്‍ ആരാണ് പൂവാലന്മാര്‍? ആരാണ് അങ്ങനെ പെരുമാറിയത്? ഇത് ഇതുവരെ വ്യക്തമായിട്ടില്ല. പെണ്‍കുട്ടി ഇക്കാര്യം അറിയിച്ചിരുന്നോ? വിദ്യാര്‍ഥികള്‍ എങ്ങനെയാണ് ഇക്കാര്യം അറിഞ്ഞത്. കാര്യങ്ങള്‍ എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പോലെയാണ് തോന്നുന്നതെന്ന് സുബ്രഹ്ണ്യന്‍ സ്വാമി പറഞ്ഞു. 

സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയോട് ഒരാള്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികളുടെ നേരെ യുപി പൊലീസ് ലാത്തിചാര്‍ജ് നടത്തിയിരുന്നു. ഇതു വലിയ പ്രതിഷേധത്തിനു വഴിവച്ച പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com