ഇതാ വ്യാജമല്ലാത്ത ചിത്രം, ദുരന്തമയമായ ഈ ചിത്രം കാണൂ; യുഎന്നില്‍ പാകിസ്ഥാന് ഇന്ത്യയുടെ ചുട്ട മറുപടി

ജമ്മു കശ്മീരില്‍ ഭീകരര്‍  തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന്‍ ഉമര്‍ ഫയാസിന്റെ  ചിത്രം ഉയര്‍ത്തിക്കാണിച്ചാണ് ഇന്ത്യ പാകിസ്താന് മറുപടിനല്‍കിയത്
ഇതാ വ്യാജമല്ലാത്ത ചിത്രം, ദുരന്തമയമായ ഈ ചിത്രം കാണൂ; യുഎന്നില്‍ പാകിസ്ഥാന് ഇന്ത്യയുടെ ചുട്ട മറുപടി


യുഎന്‍: ഐക്യരാഷ്ട്ര പൊതുസഭയില്‍ കശ്മീരിലേതെന്നുപറഞ്ഞ് ഗസയിലെ ചിത്രം കാണിച്ച് ഇന്ത്യയ്‌ക്കെതിരെ പ്രസംഗിച്ച പാകിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ. ജമ്മു കശ്മീരില്‍ ഭീകരര്‍  തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന്‍ ഉമര്‍ ഫയാസിന്റെ  ചിത്രം ഉയര്‍ത്തിക്കാണിച്ചാണ് ഇന്ത്യ പാകിസ്താന് മറുപടിനല്‍കിയത്.

'ഈ ചിത്രം വ്യാജമല്ല, നിഷ്ഠൂരവും ദുരന്തം നിറഞ്ഞതുമായ യാഥാര്‍ഥ്യം വിളിച്ചുപറയുന്ന ചിത്രമാണിത്'- യുഎന്‍ പൊതുസഭയില്‍ തിങ്കളാഴ്ച സംസാരിച്ച ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ പൗലോമി ത്രിപാഠി ഫയാസിന്റെ ഫോട്ടോ ചൂണ്ടിക്കാട്ടി  പറഞ്ഞു. പാകിസ്താന്റെ പിന്തുണയോടെ കശ്മീരീല്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ കഴിഞ്ഞ മേയില്‍ ലെഫ്റ്റനന്റ്  ഉമര്‍ ഫയാസിനെ വിവാഹച്ചടങ്ങിനിടെ തട്ടിക്കൊണ്ടുപോയി  ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൗലോമി പറഞ്ഞു.

ഇന്ത്യന്‍ അതിര്‍ത്തിയിലെ, പ്രത്യേകിച്ച് കശ്മീരിലെ ജനങ്ങള്‍ ദിവസേന സഹിക്കേണ്ടിവരുന്ന ഈ യാഥാര്‍ഥ്യമാണ് പാകിസ്താന്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്. വ്യാജ പ്രചാരണങ്ങളിലൂടെ പാകിസ്താന്റെ യഥാര്‍ഥമുഖം ഒളിക്കാനാവില്ലെന്ന് പൗലോമി പറഞ്ഞു.

കശ്മീരില്‍ ഇന്ത്യ നടത്തിയ അതിക്രമങ്ങളുടെ പടമെന്ന് പറഞ്ഞ് ഗസയിലെ പടം ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ ദിവസം പാക് പ്രതിനിധി സംസാരിച്ചത് വിവാദമായിരുന്നു. വലിയ വിമര്‍ശനമാണ് പാക് സ്ഥിരംപ്രതിനിധി മലീഹ ലോധിയുടെ പ്രവൃത്തിക്കെതിരെ ഉയര്‍ന്നത്. 2014ല്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ റവ്യ അബ് ജോം എന്ന പതിനേഴുകാരിയുടെ ചിത്രമാണ് കശ്മീരില്‍ സൈന്യത്തിന്റെ പെല്ലറ്റ് ആക്രത്തിന്റേത് എന്ന മട്ടില്‍ പാക് പ്രതിനിധി പ്രദര്‍ശിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com