റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കണമെന്ന നിലപാടുമായി വരുണ്‍ ഗാന്ധി

ഒരു ഹിന്ദി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കരുതെന്ന് വരുണ്‍ ഗാന്ധി പറഞ്ഞത്.
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കണമെന്ന നിലപാടുമായി വരുണ്‍ ഗാന്ധി

ന്യൂഡെല്‍ഹി: റോഹിന്‍ഗ്യന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായ അഭിപ്രായവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ഒരു ഹിന്ദി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് റോഹിന്ഡഗ്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കരുതെന്ന് വരുണ്‍ ഗാന്ധി പറഞ്ഞത്.

രാജ്യത്തുനിന്ന് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കരുത്. മാനുഷിക പരിഗണനയോടെ വേണം അവരെ കൈകാര്യം ചെയ്യേണ്ടത്. മ്യാന്‍മറിന്റെ വിദേശ നയവും ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളുമാണ് റോഹിന്‍ഗ്യകളുടെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്നും അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് ലേഖനത്തില്‍ വരുണ്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇന്ത്യയിലുള്ള നാല്‍പതിനായിരത്തോളം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ അനധികൃത കുടിയേറ്റക്കാരാണെന്നും ഇവരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നുമുള്ള നിലപാടാണ് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളില്‍ ചിലര്‍ പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. 

എന്നാല്‍ തീവ്രവാദം സംബന്ധിച്ച സാര്‍ക്ക് ഉടമ്പടിയുടെ 17ാം അനുച്ഛേദ പ്രകാരം രാജ്യത്തുനിന്ന് അഭയാര്‍ഥികളെ തിരിച്ചയയ്ക്കാന്‍ സാധിക്കില്ലെന്ന് വരുണ്‍ ഗാന്ധിയുടെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യം സ്വീകരിച്ചുവന്ന നിലപാടിന് തീര്‍ത്തും വിരുദ്ധമാണ് വരുണ്‍ ഗാന്ധിയുടേതെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഹന്‍സ് രാജ് ആഹിര്‍ പ്രതികരിച്ചു. രാജ്യതാല്‍പര്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരാളും ഇത്തരം നിലപാട് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, റോഹിംഗ്യന്‍ അഭയാര്‍ഥികളോടുള്ള സഹാനുഭൂതി പ്രകടിപ്പിക്കുകയും അവര്‍ക്ക് അഭയമൊരുക്കാനുള്ള സാധ്യത ആരായുകയാണ് താന്‍ ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പിന്നീട് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com