ഇത്രയും സമയം കിട്ടിയിട്ടും യുപിഎയെ കുറ്റം പറയുന്നതെന്തിന്? മോദി സര്‍ക്കാരിനെതിരെ വീണ്ടും യശ്വന്ത് സിന്‍ഹ

സമ്പദ് വ്യവസ്ഥ താഴേക്കു പോവുകയാണ്. അതിനു മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ബിജെപി സര്‍ക്കാരിന് വേണ്ടത്ര സമയവും അവസരങ്ങളും കിട്ടിയതാണെന്ന് യശ്വന്ത് സിന്‍ഹ
ഇത്രയും സമയം കിട്ടിയിട്ടും യുപിഎയെ കുറ്റം പറയുന്നതെന്തിന്? മോദി സര്‍ക്കാരിനെതിരെ വീണ്ടും യശ്വന്ത് സിന്‍ഹ


ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക സ്ഥിതി താറുമാറാക്കിയതിന് മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി നടത്തിയ വിശകലനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ഇത്രയേറെ സമയം ലഭിച്ചിട്ടും ഇനിയും യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്ന് യശ്വന്ത് സിന്‍ഹ ചോദിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുമായുള്ള അഭിമുഖത്തില്‍ ആയിരുന്നു സിന്‍ഹയുടെ ആവര്‍ത്തിച്ചുള്ള വിമര്‍ശനം.

സമ്പദ് വ്യവസ്ഥ താഴേക്കു പോവുകയാണ്. അതിനു മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ബിജെപി സര്‍ക്കാരിന് വേണ്ടത്ര സമയവും അവസരങ്ങളും കിട്ടിയതാണെന്ന് യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടി. 

സ്ഥിതി കുറച്ചുനാളായി പരുങ്ങലിലാണ്. അതു ചൂണ്ടിക്കാട്ടിയില്ലേന്നെയുള്ളൂവെന്ന് വാജ്‌പേയ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ പറഞ്ഞു. ഒരു പാദത്തിലെ കണക്കുകള്‍ വച്ചുകൊണ്ടല്ല ഞാന്‍ സംസാരിക്കുന്നത്. തുടര്‍ച്ചയായ ആറു പാദങ്ങള്‍ സമ്പദ് വ്യവസ്ഥ താഴേക്കാണ് പോയത്. ഇതിലെ ഏറ്റവും പ്രധാന പ്രതി നോട്ടു നിരോധനമാണെന്ന് യശ്വന്ത് സിന്‍ഹ ആവര്‍ത്തിച്ചു. ലഘൂകരിക്കാനാവാത്ത സാമ്പത്തിക ദുരന്തം എന്നാണ് മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തില്‍ യശ്വന്ത് സിന്‍ഹ നോട്ടു നിരോധനത്തെ വിശേഷിപ്പിച്ചത്. 

നോട്ടുനിരോധനമാണ് പ്രധാന പ്രതി. സമ്പദ് വ്യവസ്ഥയില്‍ എന്തു പ്രതിഫലനമുണ്ടാക്കുമെന്നും തൊഴില്‍ വിപണിയെ എങ്ങനെ ബാധിക്കുമെന്നുമെല്ലാം അതു നടപ്പാക്കുംമുമ്പ് പഠനം നടത്തേണ്ടതായിരുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു നില്‍ക്കുമ്പോള്‍ വേണം ഇത്തരം നടപടികളിലേക്കുപോവാനെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com