കേന്ദ്രം നടത്തിയ കൂട്ടക്കൊലയാണ് മുംബൈയിലേതെന്ന് ശിവസേന; കനത്തമഴയാണ് അപകടത്തിന് കാരണമെന്ന് റയില്‍വെ

അപ്രതീക്ഷിത മഴയും പതിവില്ലാത്ത ജനത്തിരക്കുമാണ് കാല്‍നടപ്പാലം പൊട്ടിവീഴാന്‍ കാരണമെന്നാണ് വെസ്റ്റേണ്‍ റെയില്‍വെ - കേന്ദ്ര സര്‍ക്കാരിന്റെ അവഗണനായാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് ശിവസേന 


മുംബൈ:  എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വെ സ്റ്റേഷനിലെ കാല്‍നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് കാരണം കേദ്രസര്‍ക്കാരിന്റെ അനാസ്ഥയെന്ന ആരോപണവുമായി ശിവസേന രംഗത്തെത്തി. രണ്ട് വര്‍ഷം മുമ്പ് അന്നത്തെ റെയില്‍വെ മന്ത്രിയ്ക്ക് എന്‍ഫിന്‍സ്റ്റണ്‍ റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലം സംബന്ധിച്ച് കത്ത് നല്‍കിയതായും ഇക്കാര്യം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും ശിവസേന എംപി അരവിന്ദ് സാവന്ത് പറയുന്നു. അപകടം നടന്നിട്ട് സമയമേറെ കഴിഞ്ഞാണ് സംഭവസ്ഥലത്ത് പൊലീസ് എത്തിയതെന്നും ശിവസേനം എംപി ആരോപിക്കുന്നു.

റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ദയനീയ സ്ഥിതി മാറ്റണമെന്നാവശ്യപ്പെട്ട് ആറുമാസം മുന്‍പ് പ്രദേശവാസികളും അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍ ചെയ്തത്. ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ 22 പേരുടെ ജീവനാണ് പൊലിഞ്ഞത്. 

2016 ഫെബ്രുവരി 20ന് റെയില്‍വെ സ്റ്റേഷന്റെ വികസനം ഉറപ്പ് നല്‍കി സുരേഷ് പ്രഭു അരവിന്ദ് സാവന്തിന് കത്തുനല്‍കിയിരുന്നു. 12 അടി വീതിയില്‍ കാല്‍നടപ്പാലം നിര്‍മ്മിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും കത്തില്‍ പറയുന്നു. ഒന്ന് രണ്ട് പ്ലാറ്റ് ഫോമുകളുടെ വീതി കുട്ടുന്നതും പരിഗണനയിലാണെന്നും കത്തിലുണ്ട്.

അപ്രതീക്ഷിത മഴയും പതിവില്ലാത്ത ജനത്തിരക്കുമാണ് കാല്‍നടപ്പാലം പൊട്ടിവീഴാന്‍ കാരണമെന്നാണ് വെസ്റ്റേണ്‍ റെയില്‍വെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. അതേസമയം സിംഗപ്പൂരിലുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഇന്ന് തിരിച്ചെത്തിയ ശേഷം കെ ഇഎം ആശുപത്രി സന്ദര്‍ശിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com