കന്നുകാലി കശാപ്പ് നിരോധനത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയണം; സംസ്ഥാനങ്ങളുടെ നിര്‍ദേശം പരിഗണിച്ച് ഉത്തരവിറക്കും

സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് മറ്റൊരു കരട് ഉത്തരവ് പുറപ്പെടുവിക്കും
കന്നുകാലി കശാപ്പ് നിരോധനത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയണം; സംസ്ഥാനങ്ങളുടെ നിര്‍ദേശം പരിഗണിച്ച് ഉത്തരവിറക്കും

ന്യൂഡല്‍ഹി: കന്നുകാലി കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തി ഇറക്കിയ ഉത്തരവില്‍ സംസ്ഥാനങ്ങളോട് അഭിപ്രായം ആരാഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. കശാപ്പ് നിരോധനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭിപ്രായം അറിയിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

കശാപ്പിനായുള്ള കന്നുകാലി വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള മെയ് 23ലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് മറ്റൊരു കരട് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നു. കന്നുകാലി കശാപ്പ് നിരോധനം സുപ്രീംകോടതി സ്‌റ്റേ ചെയ്തതിന് പിന്നാലേയും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. 

കേരളം, ബംഗാള്‍, മേഘാലയ ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളായിരുന്നു കന്നുകാലി കശാപ്പ് നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നത്. മദ്രാസ് ഹൈക്കോടതി കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ ജൂലൈയില്‍ മദ്രാസ് കോടതിയുടെ ഉത്തരവ് രാജ്യം മുഴുവനുമാക്കി സുപ്രീംകോടതിയും കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനം കടലാസില്‍ ഒതുക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com