തൊഴില്‍ ചൂഷണത്തെത്തുടര്‍ന്ന് മലയാളി നഴ്‌സിന്റെ ആത്മഹത്യാശ്രമം: ഡെല്‍ഹിയില്‍ മിന്നല്‍ പണിമുടക്ക്

നഴ്‌സ് ജോലി ചെയ്തിരുന്ന ഐഎല്‍ബിഎസ് ആശുപത്രിയിലെ നഴ്‌സുമാരാണ് പണിമുടക്കുന്നത്.
തൊഴില്‍ ചൂഷണത്തെത്തുടര്‍ന്ന് മലയാളി നഴ്‌സിന്റെ ആത്മഹത്യാശ്രമം: ഡെല്‍ഹിയില്‍ മിന്നല്‍ പണിമുടക്ക്

ന്യൂഡെല്‍ഹി: തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ച ആശുപത്രിയില്‍ നഴ്‌സുമാരുടെ മിന്നല്‍ പണിമുടക്ക്. നഴ്‌സ് ജോലി ചെയ്തിരുന്ന ഐഎല്‍ബിഎസ് ആശുപത്രിയിലെ നഴ്‌സുമാരാണ് പണിമുടക്കുന്നത്. പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ന് രാവിലെ മുതല്‍ നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിച്ചത്.

പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് മറ്റ് നഴ്‌സുമാര്‍. എയിംസ് ആശുപത്രിയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സ് ചികിത്സയില്‍ കഴിയുന്നത്. ഈ നഴ്‌സിന്റെ ചികിത്സാ ചിലവ് ഐഎല്‍ബിഎസ് ആശുപത്രി അധികൃതര്‍ വഹിക്കണമെന്നും സമരം ചെയ്യുന്ന നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂലമായ പ്രതികരണം ഇതുവരെ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 
 
ഐഎല്‍ബിഎല്‍ ആശുപത്രിയില്‍ അഞ്ച് വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു യുവതി. നഴ്‌സുമര്‍ക്ക് നേരെയുള്ള തൊഴില്‍ ചൂഷണത്തിനെതിരെ യുവതിയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനടക്കം പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് മലയാളി നഴ്‌സിനെ പിരിച്ചുവിട്ടതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് ആശുപത്രി അധികൃതര്‍ യുവതിയെ പിരിച്ചുവിട്ടതായി നോട്ടീസ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടയില്‍ തന്റെ മകളെ സഹപ്രവര്‍ത്തകയെ ഏല്‍പിച്ച യുവതി ശുചിമുറിയില്‍ പോയി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com