ദലിത് പ്രതിഷേധം: ഉത്തരേന്ത്യയില്‍ വ്യാപക സംഘര്‍ഷം, അഞ്ചു പേര്‍ മരിച്ചു

പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി
ദലിത് പ്രതിഷേധം: ഉത്തരേന്ത്യയില്‍ വ്യാപക സംഘര്‍ഷം, അഞ്ചു പേര്‍ മരിച്ചു

ന്യൂഡല്‍ഹി: പട്ടിക വിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമം തടയുന്നതിനുള്ള നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കത്തിന് എതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. മധ്യപ്രദേശില്‍ നാലുപേരും രാജസ്ഥാനില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.


പട്ടികജാതി, പട്ടികവര്‍ഗ (പീഡനം തടയല്‍) നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദലിത് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ അറസ്റ്റ് നടത്താനോ പാടില്ലെന്നാണ് കഴിഞ്ഞ മാസം 20ന് സുപ്രിം കോടതി ഉത്തരവിട്ടത്. കോടതി നിര്‍ദേശത്തിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ ഗ്വാളിയറിലും മൊറേനയിലുമാണ് വ്യാപക അക്രമവും സംഘര്‍ഷവുമുണ്ടായത്. മൊറേനയില്‍ ഒരാളും ഗ്വാളിയറില്‍ മൂന്നു പേരും മരിച്ചു. 19 പേര്‍ക്കാണ് ഇവിടെ പരുക്കേറ്റത്. പലരുടെയും നില ഗുരുതരമാണ്. സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

രാവിലെ ആഗ്രയില്‍ പ്രതിഷേധക്കാരും സുരക്ഷാജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി കടകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.

പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയിടങ്ങളില്‍നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിവിധ ദലിത് സംഘടനകള്‍ക്കൊപ്പം സിപിഐ എംഎല്‍ പ്രവര്‍ത്തകരും ബിഹാറിലെ അരയില്‍ പ്രതിഷേധവുമായിറങ്ങി. ഇവര്‍ ട്രാക്കിലിറങ്ങി ട്രെയിന്‍ തടഞ്ഞു.

ജാര്‍ഖണ്ഡിലെ റാഞ്ചിയിലും പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. രാജസ്ഥാനിലെ ബാര്‍മറില്‍ പ്രതിഷേധക്കാര്‍ കാറുകള്‍ക്ക് തീയിട്ടു. വസ്തുവകകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com