ടിഡിപി ബിജെപി വിരുദ്ധ ചേരിയിലേക്ക്?; ചന്ദ്രബാബു നായിഡുവിന്റെ കോണ്‍ഗ്രസ് നേതാക്കളുമായുളള കൂടിക്കാഴ്ച ഇന്ന് 

ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ വിസമ്മതിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എന്‍ഡിഎ മുന്നണി വിട്ട തെലുങ്കുദേശം പാര്‍ട്ടി ബിജെപി വിരുദ്ധ ചേരിയില്‍ ചേരാന്‍ നീക്കം
ടിഡിപി ബിജെപി വിരുദ്ധ ചേരിയിലേക്ക്?; ചന്ദ്രബാബു നായിഡുവിന്റെ കോണ്‍ഗ്രസ് നേതാക്കളുമായുളള കൂടിക്കാഴ്ച ഇന്ന് 

ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ വിസമ്മതിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എന്‍ഡിഎ മുന്നണി വിട്ട തെലുങ്കുദേശം പാര്‍ട്ടി ബിജെപി വിരുദ്ധ ചേരിയില്‍ ചേരാന്‍ നീക്കം.ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ നീക്കം നടത്താനാണ് പാര്‍ട്ടി ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദുമായി ചന്ദ്രബാബുനായിഡു ഇന്ന് കൂടിക്കാഴ്ച നടത്തും.

 ബിജെപി വിരുദ്ധ ഐക്യം കെട്ടിപ്പടുക്കാന്‍ ഇറങ്ങിത്തിരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി അടുത്തിടെ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. സമാനമായ നിലയില്‍ വിവിധ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തി പുതിയ പോര്‍മുഖം തുറക്കാന്‍  ചന്ദ്രബാബു നായിഡുവും ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുകയാണ്. ആന്ധ്രയ്ക്കു പ്രത്യേക പദവി എന്ന ആവശ്യം നേടിയെടുക്കുകയാണ് മുഖ്യ ആവശ്യമെങ്കിലും ബിജെപി വിരുദ്ധ ചേരിയും ചന്ദ്രബാബു നായിഡുവിന്റെ സന്ദര്‍ശന അജണ്ടയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദുമായി നായിഡു കൂടിക്കാഴ്ച നടത്തുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ബുധനാഴ്ച സംസ്ഥാനത്തു നടന്ന സര്‍വകക്ഷി യോഗത്തിലാണു ഡല്‍ഹിയാത്ര തീരുമാനിച്ചത്.

പ്രാദേശിക കൂട്ടായ്മ ശക്തിപ്പെടുത്തി പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പടപൊരുതാന്‍ ഒരുങ്ങുന്ന മമത ബാനര്‍ജിയുടെ നീക്കങ്ങള്‍ക്കു ശക്തി പകരുന്നതാണു നായിഡുവിന്റെ ഡല്‍ഹി സന്ദര്‍ശനം. ബിജെപിക്കെതിരായ സഖ്യത്തില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ചേരുമോയെന്ന് ഉറ്റുനോക്കുകയാണു രാഷ്ട്രീയ നിരീക്ഷകര്‍.

ആന്ധ്രപ്രദേശിന്റെ പ്രത്യേക പദവി സംബന്ധിച്ചു തെലുങ്കു ദേശം പാര്‍ട്ടിയും ബിജെപിയും തമ്മില്‍ കൊമ്പു കോര്‍ക്കുന്നതിനിടെ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ഇല്ലായിരുന്നെങ്കില്‍ 15 സീറ്റുകള്‍ കൂടി അധികം ലഭിക്കുമായിരുന്നെന്ന് കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

'സംസ്ഥാന വിഭജനത്തിനുശേഷം ഞങ്ങള്‍ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി. ഈ സഖ്യം ഉണ്ടാക്കിയത് രാഷ്ട്രീയ ലാഭത്തിനുവേണ്ടിയല്ല, വികസനം മുന്‍നിര്‍ത്തിയാണ്. വാസ്തവത്തില്‍ സഖ്യം ഉണ്ടാക്കിയിരുന്നില്ലെങ്കില്‍ 15 സീറ്റുകള്‍ ഞങ്ങള്‍ക്ക് അധികം കിട്ടുമായിരുന്നു. എന്നാല്‍ പ്രത്യേക പദവിയുടെ കാര്യത്തില്‍ അവര്‍ ഞങ്ങളെ ചതിച്ചു' ചന്ദ്രബാബു നായിഡു പറഞ്ഞു.  ഇതെല്ലാം ടിഡിപിയുടെ പുതിയ രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായുളള പ്രതികരണമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com