ദലിത് പ്രതിഷേധം: മരണം 12 ആയി, പട്ടാളം രംഗത്ത്, റിവ്യൂ ഹര്‍ജി സുപ്രിം കോടതി ഇന്നു  പരിഗണിക്കും

കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുനപ്പരിശോധനാ  ഹര്‍ജി സുപ്രിം കോടതി ഇന്നു പരിഗണിക്കും
ദലിത് പ്രതിഷേധം: മരണം 12 ആയി, പട്ടാളം രംഗത്ത്, റിവ്യൂ ഹര്‍ജി സുപ്രിം കോടതി ഇന്നു  പരിഗണിക്കും

ന്യൂഡല്‍ഹി: പട്ടികജാതിവര്‍ഗ നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച സുപ്രീംകോടതിവിധിക്കെതിരെ ദലിത് സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മധ്യപ്രദേശില്‍ എട്ടുപേരും യുപിയില്‍ മൂന്നു പേരും രാജസ്ഥാനില്‍ ഒരാളുമാണ് മരിച്ചത്. അതിനിടെ, കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുനപ്പരിശോധനാ  ഹര്‍ജി സുപ്രിം കോടതി ഇന്നു പരിഗണിക്കും.

തിങ്കളാഴ്ച ദളിത് സംഘടനകള്‍ ആഹ്വാനംചെയ്ത 'ഭാരത ബന്ദ്' ഉത്തരേന്ത്യയിലെ പലയിടങ്ങളെയും കലാപഭൂമിയാക്കിമാറ്റിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായുണ്ടായ സംഘര്‍ഷങ്ങളിലാണ് 12 പേര്‍ മരിച്ചത്. മധ്യപ്രദേശിനും യുപിക്കും രാജസ്ഥാനും പുറമേ ബിഹാര്‍, രാജസ്ഥാന്‍, ഒഡിഷ, ഉത്തര്‍പ്രദേശ്, ഹരിയാണ, ഡല്‍ഹി, പഞ്ചാബ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും സംഘര്‍ഷം രൂക്ഷമായി. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പട്ടാളത്തെ നിയോഗിച്ചു. 

പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അക്രമം തടയുന്ന നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രിം കോടതി ഇന്നു പരിഗണിക്കും. പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം കേന്ദ്രം റിവ്യൂ ഹര്‍ജി നല്‍കിയത്. ഇത് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തിങ്കളാഴ്ച കോടതി നിരസിച്ചിരുന്നു. ഈ നിലപാടു തിരുത്തിയാണ് ഇന്നുതന്നെ പരിഗണിക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com