ആധാറിന് ബാങ്ക് തട്ടിപ്പ് തടയാന്‍ കഴിയില്ല; തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നത് ഉദ്യോഗസ്ഥരെന്നും സുപ്രീംകോടതി 

ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുളള ഒരുകൂട്ടം ഹര്‍ജികളില്‍ തുടരുന്ന വാദത്തിനിടയിലാണ് കോടതിയുടെ നിരീക്ഷണം.
ആധാറിന് ബാങ്ക് തട്ടിപ്പ് തടയാന്‍ കഴിയില്ല; തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നത് ഉദ്യോഗസ്ഥരെന്നും സുപ്രീംകോടതി 

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ ആധാറിന് സാധിക്കില്ലെന്ന് സുപ്രീംകോടതി. ബാങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പുകാരുമായുളള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് തടസ്സമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുളള ഒരുകൂട്ടം ഹര്‍ജികളില്‍ തുടരുന്ന വാദത്തിനിടയിലാണ് കോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുളള അഞ്ചംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെയുളള വാദത്തിനിടെ, ആധാര്‍ എന്നത് നയപരമായ തീരുമാനമായതിനാല്‍ അതിനെ കോടതിയുടെ പുന:പരിശോധനയ്ക്ക് വിധേയമാക്കുന്നതിലുളള എതിര്‍പ്പ് കേന്ദ്രം വീണ്ടും ആവര്‍ത്തിച്ചു. വിദഗ്ധരുടെ അംഗീകാരത്തോടെയാണ് ആധാര്‍ പദ്ധതി നടപ്പിലാക്കിയതെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ബോധിപ്പിച്ചു.

സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ലോകബാങ്ക് അംഗീകരിച്ചിട്ടുണ്ട്. ദരിദ്രജനവിഭാഗങ്ങളെ തിരിച്ചറിയുന്നതിന്് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ആധാര്‍ പോലുളള നടപടികളെയാണ് ലോകബാങ്ക് എടുത്തുകാണിച്ചതെന്നും കേന്ദ്രം ചൂണ്ടികാട്ടി.

ക്ഷേമപദ്ധതികളുടെ ഗുണഫലം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആധാര്‍ ഏറെ സഹായകമാണ്. ആധാര്‍,ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതുവഴി കളളപ്പണം സൃഷ്ടിക്കലും വെളുപ്പിക്കലും തടയാന്‍ കഴിയുന്നു.സബ്‌സിഡി യുക്തിഭദ്രമായി വിതരണം ചെയ്യാനും ആധാര്‍ മുഖേന സാധ്യമാകുന്നതായി കേന്ദ്രം കോടതിയെ ധരിപ്പിച്ചു. 

കഴിഞ്ഞ ദിവസം വാദത്തിനിടെ, ആധാര്‍ പദ്ധതിയുടെ നടത്തിപ്പുകാരായ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റിയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. നാളെ ഇവര്‍ രക്തസാമ്പിള്‍ നല്‍കാനും ജനത്തോട് ആവശ്യപ്പെട്ടേക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 2016ലെ ആധാര്‍ നിയമ പ്രകാരം രൂപികൃതമായ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി അമിതാധികാരം കൈയാളുന്നതില്‍ സുപ്രീംകോടതി ആശങ്കപ്പെട്ടു. ഇത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമല്ലെന്ന് പറയാന്‍ കഴിയുമോയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com