ബിജെപി നേതാവ് ബിഎസ്പിയിലേക്ക്; മോദി സര്‍ക്കാര്‍ പിന്തുടരുന്നത് ദളിത് വിരുദ്ധ നിലപാട് 

നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുടരുന്നത് ദളിത് വിരുദ്ധ നിലപാടുകളാണെന്ന് ആരോപിച്ച് മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ ചൗധരി മോഹന്‍ ലാല്‍ ബംഗ രാജിവെച്ചു
ബിജെപി നേതാവ് ബിഎസ്പിയിലേക്ക്; മോദി സര്‍ക്കാര്‍ പിന്തുടരുന്നത് ദളിത് വിരുദ്ധ നിലപാട് 

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുടരുന്നത് ദളിത് വിരുദ്ധ നിലപാടുകളാണെന്ന് ആരോപിച്ച് മുന്‍ പഞ്ചാബ് എം.എല്‍.എയും ബി.ജെ.പി നേതാവുമായ ചൗധരി മോഹന്‍ ലാല്‍ ബംഗ രാജിവെച്ചു. തുടര്‍ന്ന് ബിഎസ്പിയില്‍ ചേര്‍ന്ന മോഹന്‍ ലാല്‍ ബംഗയുടെ ചുവടുപിടിച്ച് മറ്റു ചില നേതാക്കളും അതേപാത സ്വീകരിച്ചു.ബ്ലോക് സമിതി ചെയര്‍മാന്‍ ബല്‍വീന്ദര്‍ റാം, ബ്ലോക് സമിതി അംഗം ജസ്‌വീന്ദര്‍ കൗര്‍, മെഹ്‌ലിയാന ഗ്രാമത്തിന്റെ മുന്‍ സര്‍പ്പഞ്ച് സുരീന്ദര്‍ സിംഗ് എന്നിവരാണ് ചൗധരിക്കൊപ്പം ബി.എസ്.പിയില്‍ ചേര്‍ന്നത്.ദളിത് വിരുദ്ധരെന്ന ആരോപണം നേരിടുന്ന മോദി സര്‍ക്കാരിനേറ്റ പ്രഹരമാണ് ചൗധരിയുടെ രാജിയെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.


വാടക വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് താമസം മാറിയ ചൗധരിക്കും മറ്റ് നേതാക്കള്‍ക്കും പാര്‍ട്ടിയിലേക്ക് സ്വാഗതമെന്ന് ബി.എസ്.പി പഞ്ചാബ് അദ്ധ്യക്ഷന്‍ മേഘരാജ് പറഞ്ഞു. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ മറ്റ് സമാന മനസ്‌ക്കരെയും ഒപ്പം ചേര്‍ക്കുമെന്നും ബി.എസ്.പിയുടെ വാതിലുകള്‍ അവര്‍ക്കായി തുറന്നിട്ടിരിക്കുകയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മോദി സര്‍ക്കാരിന്റെ ദളിത് വിരുദ്ധതയില്‍ അസ്വസ്ഥനായാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് ചൗധരി പ്രതികരിച്ചു. എസ്.സി  എസ്.ടി ആക്ടില്‍ വെള്ളം ചേര്‍ത്തതാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ ദളിത് വിരുദ്ധ നടപടി. ഇങ്ങനെ നിലപാടുള്ള പാര്‍ട്ടിയുമായി ഇനി സഹകരിക്കാനാകില്ല. അതിനിലാണ് പാര്‍ട്ടി വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അകാലിദള്‍ എം.എല്‍.എയായി ബാംഗ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചൗധരി 1997 മുതല്‍ 2007വരെ നിയമസഭാംഗമായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് ചൗധരി സ്വര്‍ണ റാം ബി.ജെ.പി നേതാവും പഞ്ചാബിലെ മുന്‍ മന്ത്രിയുമായിരുന്നു. പഞ്ചാബ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ അംഗമായിരുന്ന ചൗധരി 2015ലാണ് സ്ഥാനം രാജിവച്ച് ബി.ജെ.പിയില്‍ ചേരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com