എസ്പി-ബിഎസ്പി സഖ്യം വെല്ലുവിളിയെന്ന് ആര്‍എസ്എസ്; വിജയം ആവര്‍ത്തിക്കാന്‍ ദളിത്,പിന്നാക്ക വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ ബിജെപിക്ക് നിര്‍ദേശം 

ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസിന്റെ അടിയന്തര ഇടപെടല്‍
എസ്പി-ബിഎസ്പി സഖ്യം വെല്ലുവിളിയെന്ന് ആര്‍എസ്എസ്; വിജയം ആവര്‍ത്തിക്കാന്‍ ദളിത്,പിന്നാക്ക വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ ബിജെപിക്ക് നിര്‍ദേശം 

ലക്‌നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസിന്റെ അടിയന്തര ഇടപെടല്‍. ബിജെപിയെ തറപറ്റിക്കാന്‍ ബദ്ധവൈരികളായ എസ്പിയും ബിഎസ്പിയും ധാരണയിലെത്തിയതാണ് തിരിച്ചടിക്ക് പ്രധാന കാരണം. ഈ സഖ്യം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വെല്ലുവിളിയാകുമെന്നാണ് ആര്‍എസ്എസിന്റെ കണക്കുകൂട്ടല്‍. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പിന്നാക്ക, ദളിത് ജനവിഭാഗങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെല്ലാന്‍ ബിജെപിയോട് ആര്‍എസ്എസ് ആവശ്യപ്പെട്ടു.

സംസ്ഥാന അടിസ്ഥാനത്തില്‍ ഏറ്റവുമധികം ലോക്‌സഭ സീറ്റുകളുളള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതു കൊണ്ടുതന്നെ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം ഏതൊരു പാര്‍ട്ടിക്കും നിര്‍ണായകമാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നുമുണ്ടായ മിന്നുന്ന പ്രകടനമാണ് ബിജെപിയെ അധികാരത്തിലേക്ക് നയിച്ചത്. വരുന്ന തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ആര്‍എസ്എസ് ഇടപെടലെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശിലെ പ്രമുഖ പാര്‍ട്ടികളായ എസ്പിയുടെയും ബിഎസ്പിയുടെയും കരുത്ത് ദളിത് പിന്നാക്ക വോട്ടുകളാണ്. ഇവര്‍ സഖ്യത്തില്‍ മത്സരിച്ചതാണ് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കാന്‍ കാരണം. ജാതി സമവാക്യങ്ങള്‍ പരീക്ഷണഘട്ടമായ പശ്ചാത്തലത്തിലാണ് ബിജെപി ആര്‍എസ്എസിന്റെ ഉപദേശം തേടിയത്. ഇതിന്റെ ഭാഗമായി ഇരുവിഭാഗവും ആഗ്രയില്‍ കൂടിയാലോചനകള്‍ നടത്തി. 

വരുന്ന ലോക്‌സഭ തെരഞ്ഞെടു്പ്പില്‍ തങ്ങളുമായുളള ഏകോപനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആര്‍എസ്എസ് ബിജെപിയെ ധരിപ്പിച്ചുവെന്നാണ് വിവരം. ഇതിനായി മണ്ഡല,ജില്ലാ തലത്തില്‍ ഏകോപനസമിതികള്‍ രൂപികരിച്ച് ബിജെപിയും ആര്‍എസ്എസും തമ്മിലുളള സഹകരണം ഉറപ്പുവരുത്താനാണ് പദ്ധതിയിടുന്നതെന്ന് ബിജെപി നേതാവ് അറിയിച്ചു. ഗോരഖ് പൂര്‍, ഫുല്‍ പൂര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളില്‍ ആര്‍എസ്എസ് സജീവമായി ഇടപെട്ടിരുന്നില്ല. ഇതാണ് ബിജെപിയുടെ തോല്‍വിക്ക് ഒരു കാരണമായി ചൂണ്ടികാണിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ സക്രിയമാകാന്‍ ആര്‍എസ്എസ് നീക്കം നടത്തുന്നത്. 

കേന്ദ്രപദ്ധതികളില്‍ നിന്നും സമ്പൂര്‍ണ നേട്ടം ലഭിച്ച ദളിത് പിന്നാക്ക വിഭാഗങ്ങളിലെ ഗുണഭോക്താക്കളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കാനുളള ഒരുക്കത്തിലാണ് ബിജെപി. ഇതിനായി പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കാനാണ് ബിജെപി ഉദേശിക്കുന്നത്. ഇതിലുടെ ദളിത് പിന്നാക്ക വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com