ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുന്നു

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ചട്ടങ്ങള്‍ രൂപികരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്
ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുന്നു

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ തടയുന്നതിന്റെ പേരില്‍ മാധ്യമമേഖലയെ കൂച്ചുവിലങ്ങിടാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചതിന് പിന്നാലെ, ഡിജിറ്റല്‍ മീഡിയ രംഗത്തും കൈവെയ്ക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ചട്ടങ്ങള്‍ രൂപികരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളെ ഏകോപിപ്പിച്ച് ഒരു ഉന്നതതല സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ഡിജിറ്റല്‍ മീഡിയ കമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കരടുചട്ടങ്ങള്‍ക്ക് രൂപം നല്‍കുകയാണ് സമിതിയുടെ ദൗത്യം.

ഡിജിറ്റല്‍ മീഡിയ കമ്പനികളുടെ പരിധിയില്‍ വരുന്ന ന്യൂസ് പോര്‍ട്ടലുകള്‍, ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിങ്, എന്റര്‍ടെയിന്‍മെന്റ് സൈറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ചട്ടം രൂപികരിക്കാനാണ് സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യാജവാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കുന്ന വ്യവസ്ഥ രാജ്യമൊട്ടാകെ നടന്ന വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡിജിറ്റല്‍ മീഡിയ രംഗത്ത് കൈവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഈ രംഗത്ത് കാര്യമായ നിയന്ത്രണങ്ങള്‍ ഇല്ലാത്തത് വ്യാപകമായ ദുരുപയോഗത്തിന് ഇടയാക്കുന്നുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

അടുത്തിടെ വ്യാജവാര്‍ത്തകള്‍ തടയുന്നതിന്റെ ആവശ്യകതയെ കുറിച്ച് കേന്ദ്ര വാര്‍ത്താവിതരണമന്ത്രി സ്മൃതി ഇറാനി പ്രസ്താവന നടത്തിയിരുന്നു. ഓണ്‍ലൈന്‍ മാധ്യമരംഗത്ത് വ്യാജ വാര്‍ത്തകള്‍ വര്‍ധിക്കുന്നതില്‍ അവര്‍ ആശങ്കയും രേഖപ്പെടുത്തി. സോഷ്യല്‍ മീഡിയവഴിയും മറ്റും വ്യാജ വാര്‍ത്തകള്‍ ഒഴുകുന്നത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും സ്മൃതി ഇറാനി ചൂണ്ടികാട്ടി. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

കഴിഞ്ഞ ദിവസം വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ സ്ഥാപകനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com