തൊഴിലില്ലെങ്കില്‍ വോട്ടുമില്ല; മോദി സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ച് ഒരു നഗരം

യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്്ത് അധികാരത്തിലേറിയ മോദി സര്‍ക്കാരിനെ വെല്ലുവിളിച്ച് ഒരു നഗരം
തൊഴിലില്ലെങ്കില്‍ വോട്ടുമില്ല; മോദി സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ച് ഒരു നഗരം

ജയ്പൂര്‍: യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്്ത് അധികാരത്തിലേറിയ മോദി സര്‍ക്കാരിനെ വെല്ലുവിളിച്ച് ഒരു നഗരം. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ ഒരു ചെറിയ പട്ടണമായ കസ്ബ ബോണ്‍ലിയിലെ ജനങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.  മെച്ചപ്പെട്ട തൊഴില്‍ സ്വപ്‌നം കണ്ട് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നില്‍ അണിനിരന്ന ഇവിടത്തെ ജനങ്ങള്‍ ഇത്തവണ വോട്ടുമറിച്ചുകുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. തൊഴില്‍ നല്‍കാത്തവര്‍ക്ക്, വോട്ടില്ല എന്ന മുദ്രാവാക്യം വിളിച്ചാണ് ഇവര്‍ ബിജെപിയെ വെല്ലുവിളിക്കുന്നത്.

നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ച് ജനങ്ങള്‍ രംഗത്തുവന്നിരിക്കുന്നത് ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. നിലവില്‍ തന്നെ രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. വസുന്ധരരാജ്യ സിന്ധ്യയുടെ നേതൃത്വത്തിലുളള സര്‍ക്കാരില്‍ ജനങ്ങള്‍ക്കുളള വിശ്വാസം കുറഞ്ഞുവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് ഒരു നഗരം ഒന്നടങ്കം മോദി സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.

അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരാണ് ബിജെപിക്ക് എതിരെ രംഗത്തുവന്നിരിക്കുന്നത്. പ്രതിമാസ വേതനം ലഭിക്കുന്ന ജോലി ലഭിക്കാത്തതില്‍ ഉത്തരവാദി മോദി സര്‍ക്കാരാണെന്ന് ബിരുദാനന്തര ബിരുദധാരിയായ രാകേഷ് കുമാര്‍ കുറ്റപ്പെടുത്തുന്നു. നിലവില്‍ പെയിന്റ് പണിക്കാരനായ ഇദ്ദേഹം മെച്ചപ്പെട്ട തൊഴില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ തവണ മോദിക്ക് വേണ്ടി വോട്ടുചെയ്തതെന്ന് വ്യസനത്തോടെ ഏറ്റുപറയുന്നു. ഇത്തവണ മോദിക്ക് വേണ്ടി വോട്ടുചെയ്യില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. സമാനമായ വികാരമാണ് മറ്റു പ്രദേശവാസികളും പ്രകടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും 35 വയസില്‍ താഴെയുളള യുവജനങ്ങളാണ്. മാര്‍ച്ചില്‍ തൊഴിലില്ലായ്മ നിരക്ക് 16 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.23 ശതമാനമാണ് രേഖപ്പെടുത്തിയത്. ഈ പശ്ചാത്തലത്തില്‍ ഒരു നഗരം ഒന്നടങ്കം മോദി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നതിനെ ആശങ്കയോടെയാണ് ബിജെപി കേന്ദ്രങ്ങള്‍ കാണുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com