പ്രതിഷേധം വിഫലം; സാനിറ്ററി പാഡിന് പന്ത്രണ്ടു ശതമാനം നികുതി പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

സാനിറ്ററി പാഡിന് ചുമത്തിയ നികുതി അടുത്തൊന്നും എടുത്തുമാറ്റാന്‍ ആലോചനയില്ലെന്ന് ലോക് സഭ മന്ത്രി ശിവ് പ്രതാപ് ശുക്ല പറഞ്ഞു
പ്രതിഷേധം വിഫലം; സാനിറ്ററി പാഡിന് പന്ത്രണ്ടു ശതമാനം നികുതി പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

സാനിറ്ററി നാപ്കിനുകള്‍ക്ക് ഉയര്‍ന്ന ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെ എതിര്‍ത്ത് രാജ്യത്തെങ്ങും പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും നാപ്കിനു മേലുള്ള ജിഎസ്ടി എടുത്തു മാറ്റില്ലെന്ന് നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. സാനിറ്ററി പാഡിന് ചുമത്തിയ നികുതി അടുത്തൊന്നും എടുത്തുമാറ്റാന്‍ ആലോചനയില്ലെന്ന് മന്ത്രി ശിവ് പ്രതാപ് ശുക്ല പറഞ്ഞു. 

സിന്ദൂരത്തിനും വളയ്ക്കും പൊട്ടിനും നികുതിയില്ലാത്തപ്പോഴാണ് സ്ത്രീകളുടെ അവശ്യ വസ്തുവായ നാപ്കിനു 12 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ പല സ്ത്രീകള്‍ക്കും നാപ്കിന്‍ ഇപ്പോഴും ചെലവേറിയ വസ്തുവാണ്. ഈ സാഹചര്യത്തില്‍ നാപ്കിന് നികുതി ഉയര്‍ത്തുകയല്ല, വിലയിളവ് നല്‍കുകയാണ് വേണ്ടെതെന്ന ആവശ്യവുമായി നിരവധി ആളുകള്‍ രംഗത്തു വന്നിരുന്നു. 

12 ശതമാനമാണ് സാനിറ്ററി നാപ്കിന് നിശ്ചയിച്ചിരിക്കുന്ന ചരക്കു സേവന നികുതി. മുമ്പ് ആറു ശതമാനം എക്‌സൈസ് തീരുവയും അഞ്ചു ശതമാനം വാറ്റും സെസ്സുകളും ചേര്‍ത്ത് 13.68 ശതമാനം നികുതി ഉണ്ടായിരുന്നതാണ് 12 ആയി കുറച്ചതെന്ന് ധനമന്ത്രാലയം വിശദീകരിക്കുന്നു. നാപ്കിന്‍ ഉണ്ടാക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് 18 ശതമാനം വരെ ജിഎസ്ടി ഉണ്ടെന്നിരിക്കെ ആകെ 12 ശതമാനമേ നികുതി ഈടാക്കുന്നുള്ളു എന്നായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ വര്‍ഷം പറഞ്ഞത്. ജിഎസ്ടി എടുത്തുകളയുന്നത് വിദേശ സാനിറ്ററി നാപ്കിന്‍ നിര്‍മ്മാതാക്കളെ സഹായിക്കും എന്നാണ് മന്ത്രാലയത്തിന്റെ വാദം.

എന്നിരുന്നാലും സാധാരണ സ്ത്രീകള്‍ ഉയര്‍ന്ന നികുതി കൊടുത്ത് നാപ്കിന്‍ വാങ്ങി ഉപയോഗിക്കല്‍ പ്രായോഗികമായ കാര്യമല്ല. അതില്‍ സര്‍ക്കാര്‍ എന്തെങ്കിലും ബദല്‍ മാര്‍ഗങ്ങളോ നിര്‍ദേശങ്ങളോ കൊണ്ടുവരേണ്ടതാണെന്നാണ് പൊതുജനങ്ങളുടെ ആവശ്യപ്പെടുന്നത്. ഇതിനുവേണ്ടി രാജ്യം ചെലവുകുറഞ്ഞ രീതിയില്‍ നാപ്കിനുകള്‍ ഉണ്ടാക്കുമെന്നാണ് മന്ത്രി ശിവ് പ്രതാപ് ശുക്ല പറയുന്നത്. കൂടാതെ ഗ്രാമവാസികളായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഈ നാപ്കിന്‍ ഒന്നിന് ഒരു രൂപാ നിരക്കില്‍ വിതരണം ചെയ്യും. മെന്‍ന്‍സ്ട്രല്‍ ഹൈജീന്‍ ഉയര്‍ത്തുന്നതിനായി ആഗോര്യപ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ഫണ്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാനിറ്ററി നാപ്കിന് ഇിഎസ്ടി ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് ധാരാളം പ്രതിഷേധങ്ങള്‍ രാജ്യത്ത് നടന്നിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയ കാംപെയ്‌നും സംഘടിപ്പിച്ചിരുന്നു. സാനിറ്ററി പാഡ് കയ്യില്‍ പിടിച്ച് നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തായിരിന്നു പ്രതിഷേധം. സ്ത്രീകല്‍ക്ക് പുറമെ ചില പുരുഷന്‍മാരും ഈ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com