ബംഗാളിലെ അക്രമം;തൃണമൂലിനായി സിംഗ്‌വി സുപ്രീംകോടതിയില്‍; കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

മമത ബാനര്‍ജി സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന പാര്‍ട്ടി നേതാവ് മനു അഭിഷേക് സിംഗ്‌വി സുപ്രീംകോടതിയില്‍ ഹാജരായതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത
ബംഗാളിലെ അക്രമം;തൃണമൂലിനായി സിംഗ്‌വി സുപ്രീംകോടതിയില്‍; കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

കൊല്‍ക്കത്ത: മമത ബാനര്‍ജി സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന പാര്‍ട്ടി നേതാവ് മനു അഭിഷേക് സിംഗ്‌വി സുപ്രീംകോടതിയില്‍ ഹാജരായതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷിയായ മമത സര്‍ക്കാരിന് വേണ്ടിയാണ് അഭിഷേക് സിംഗ്‌വി കോടതിയില്‍ ഹാജരായത്. ഇതിനെ പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് ഘടകം എതിര്‍ക്കുകയാണ്. 

ബിജെപിയുടെതിന് സമാനമായ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആദിര്‍ രഞ്ജന്‍ ചൗധരി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി സുപ്രീംകോടതിയില്‍ അഭിഷേക് സിംഗ്‌വി ഹാജരാകുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്ന് ആദിര്‍ രഞ്ജന്‍ ചൗധരി ആരോപിക്കുന്നു. ഇക്കാര്യം കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.അടുത്തമാസമാണ് പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുന്നതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഒരു ദയയുമില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മമതയുടെ പാര്‍ട്ടിക്ക് വേണ്ടി അഭിഷേക് സിംഗ്‌വി തിരക്കിട്ട നീക്കങ്ങള്‍  നടത്തുന്നതിലുളള പ്രതിഷേധം
ആദിര്‍ രഞ്ജന്‍ ചൗധരി രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചു. 

രണ്ടാഴ്ച മുന്‍പ് രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ നിന്നും മനു അഭിഷേക് സിംഗ്‌വി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയായിരുന്നു ജയം. ഇതിനുളള പ്രത്യൂപകാരമാണ് അഭിഷേക് സിംഗ്‌വി ചെയ്യുന്നത് എന്ന തരത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളില്‍ മുറുമുറുപ്പുകള്‍ ഉയരുന്നത്. 

ഇതാദ്യമായല്ല അഭിഷേക് സിംഗ് വി തൃണമൂല്‍ കോണ്‍ഗ്രസിന് വേ്ണ്ടി കോടതിയില്‍ ഹാജരാകുന്നത്. നാരദ ഒളിക്യാമറ, ശാരദ കേസുകളിലും തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി അഭിഷേക് സിംഗ്‌വിയാണ് കോടതിയില്‍ ഹാജരായത്.

അടുത്ത മാസം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ വ്യാപക അക്രമത്തിന് ഇരകളാകുകയാണ്. ഇന്ന് ആദിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയതിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com