'അധികാരത്തിൽ വരാൻ ഒരു അജണ്ട, വന്നാൽ മറ്റൊരു അജണ്ട' ; മോദി സർക്കാരിനെതിരെ ബിഎംഎസ്

വിദേശ നിക്ഷേപകരും ബ്യൂറോക്രസിയും ചേരുന്ന കോക്കസാണ് എല്ലാം തീരുമാനിക്കുന്നത്
'അധികാരത്തിൽ വരാൻ ഒരു അജണ്ട, വന്നാൽ മറ്റൊരു അജണ്ട' ; മോദി സർക്കാരിനെതിരെ ബിഎംഎസ്

ന്യൂഡൽഹി : കേന്ദ്ര സർക്കാർ കോക്കസിന്റെ പിടിയിൽ അമർന്നതായി ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് ആരോപിച്ചു.  അധികാരത്തിൽ വരാൻ ഒരു അജണ്ട, വന്നാൽ മറ്റൊരു അജണ്ട എന്നാണ് രാജ്യത്തെ അവസ്ഥയെന്ന് ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് സി കെ സജി നാരായണൻ പറഞ്ഞു. ഒരു പ്രത്യേക വിഭാഗം കാര്യങ്ങളെല്ലാം നിശ്ചയിക്കുന്നു. അവർക്ക് പ്രത്യേക അജണ്ടയുമുണ്ട്. സ്ഥിരം തൊഴിൽ സംബന്ധിച്ച് പുതിയ നയം നിശ്ചയിച്ചതും അവരാണെന്ന് സജി നാരായണൻ ആരോപിച്ചു.

വിദേശ നിക്ഷേപകരും ബ്യൂറോക്രസിയും ചേരുന്ന കോക്കസാണ് എല്ലാം തീരുമാനിക്കുന്നത്. രാജ്യത്തെ ബജറ്റ് നിശ്ചയിക്കുന്നത് പോലും അവരാണ്. നയങ്ങൾ രൂപീകരിക്കുന്നതിൽ രാഷ്ട്രീയ പാർടികൾക്ക് പങ്കില്ല. രാജ്യം ഇന്ന് ബ്യൂറോക്രാറ്റുകളുടെ പിടിയിലാണ്. കേന്ദ്ര സർക്കാർ നടപ്പാക്കിയ നിതി ആയോഗിന്റെ തലപ്പത്തുള്ളത് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഒരാളാണ്. നിതി ആയോഗിൽ ഇരിക്കുന്നത് വിദേശ പണം കൈപ്പറ്റുന്ന സന്നദ്ധസംഘടനാപ്രവർത്തകരാണ്. സജി നാരായണൻ പറഞ്ഞു. 

രാജ്യത്ത് ഇന്ന് സാമൂഹ്യ അസ്വസ്ഥത നിലനിൽക്കുന്നു. കർഷക സമരങ്ങളും വിദ്യാർഥി പ്രക്ഷോഭങ്ങളും ശക്തമാകുകയാണ്. ഇന്ത്യയുടെ സവിശേഷതകൾ എല്ലാം തകർക്കുന്നു. രാജ്യസ്നേഹികളെ വിഷമിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ഈ അപകടകരമായ സ്ഥിതിവിശേഷം ഇല്ലാതാക്കണം. പൊതുമേഖലയെ തൂക്കിവിൽക്കുന്ന ജോലി ചെയ്യുന്ന മന്ത്രിമാരുള്ള രാജ്യമാണിത്.  ഇന്നത്തെ സ്ഥിതി തുടർന്നാൽ തൊഴിൽ അവസരങ്ങൾ മുഴുവൻ ഇല്ലാതാകുമെന്നും സജി നാരായണൻ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com