'ദുരഭിമാനം വെടിഞ്ഞ് സുരക്ഷിതമണ്ഡലത്തിലേക്ക് മാറൂ' ; സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് നേതാക്കള്‍

ജെഡിഎസിന്റെ വെല്ലുവിളിയേക്കാള്‍ പ്രധാനമല്ലേ, ബിജെപിയെ തോല്‍പ്പിക്കലും, സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുകയും ചെയ്യേണ്ടത് എന്ന് നേതാക്കള്‍ 
'ദുരഭിമാനം വെടിഞ്ഞ് സുരക്ഷിതമണ്ഡലത്തിലേക്ക് മാറൂ' ; സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് നേതാക്കള്‍

ബംഗലൂരു : കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി നിയമസഭാ സീറ്റില്‍ നിന്ന് മല്‍സരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഒരു പറ്റം കോണ്‍ഗ്രസ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് കൂടുതല്‍ സുരക്ഷിതമായ മണ്ഡലത്തിലേക്ക് മാറണമെന്നാണ് ഇവരുടെ അഭിപ്രായം. ഇതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 

സിദ്ധരാമയ്യ നിലവില്‍ പ്രതിനിധാനം ചെയ്തുകൊണ്ടിരുന്ന വരുണ സീറ്റ് ഒഴിയുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പകരം മുമ്പ് ജെഡിഎസിലായിരിക്കെ വിജയിച്ച ചാമുണ്ഡേശ്വരിയില്‍ ജനവിധി തേടുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. ജെഡിഎസ് നേതാക്കളായ ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും വെല്ലുവിളി കൂടി ഏറ്റെടുത്താണ് ചാമുണ്ഡേശ്വരിയില്‍ മല്‍സരിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. 

ജെഡിഎസിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമായാണ് ചാമുണ്ഡേശ്വരിയെ വിലയിരുത്തപ്പെടുന്നത്. ഇതാണ് മുഖ്യമന്ത്രി തീരുമാനം മാറ്റണമെന്ന അഭിപ്രായത്തിന് പിന്നില്‍. മുഖ്യമന്ത്രി ഒരുപക്ഷേ ചാമുണ്ഡേശ്വരിയില്‍ വിജയിച്ചേക്കും. പക്ഷെ അതിനായി കൂടുതല്‍ കഠിനാധ്വാനം നടത്തേണ്ടിവരും. ഇത് നേതാവ് എന്ന നിലയില്‍ മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിന് പോകാന്‍ തടസ്സമാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

കോണ്‍ഗ്രസ് കടുത്ത വെല്ലുവിളി നേരിടുന്ന മണ്ഡലങ്ങളിലും പാര്‍ട്ടി നേതാവ് എന്ന നിലയില്‍ സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതല്ലെ ?. അല്ലാതെ സ്വന്തം മണ്ഡലത്തില്‍ മാത്രം ശ്രദ്ധ പുലര്‍ത്തിയാല്‍ മതിയാകുമോ?. ജെഡിഎസിന്റെ നിസ്സാരമായ വെല്ലുവിളി ഏറ്റെടുക്കുന്നതിനേക്കാള്‍ പ്രധാനമല്ലേ, സംസ്ഥാനത്ത് ബിജെപിയെ തോല്‍പ്പിക്കലും, ഭരണം നിലനിര്‍ത്തുക എന്നതും. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒരുപറ്റം കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി തലവന്‍ മധുസൂധനന്‍ മിസ്ത്രിയ്ക്കും ഹൈക്കമാന്‍ഡിനും കത്തയച്ചു. 

ചാമുണ്ഡേശ്വരിയിലെ 71,000 ലേറെ വരുന്ന വൊക്കലിംഗ സമുദായ വോട്ടുകളാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. വര്‍ഷങ്ങളായി ഗൗഡയ്ക്ക് അനുകൂലമായി വീഴുന്ന വോട്ടുകളാണിത്. സിദ്ധരാമയ്യയാകട്ടെ, ജാതിയില്‍ വളരെ താഴ്ന്ന വിഭാഗത്തില്‍പ്പെട്ട കുരുബ സമുദായാംഗമാണ്. കൂടാതെ, ദേവഗൗഡയുടെ കടുത്ത ശത്രുതയും ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയ്ക്ക് കനത്ത വെല്ലുവിളിയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. 

അതേസമയം ചാമുണ്ഡേശ്വരിയില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം. തനിക്ക് ഏറെ സുരക്ഷിതമായ മണ്ഡലമാണ് ചീമുണ്ഡേശ്വരി. ചാമുണ്ഡേശ്വരിയില്‍ കടുത്ത പോരാട്ടം നേരിട്ടത് 2006 ലാണ്. അന്ന് 256 ന് വോട്ടിന് താന്‍ ജയിച്ചപ്പോള്‍, 36 ശതമാനം വൊക്കലിംഗ വോട്ടുകളും തനിക്ക് ലഭിച്ചിരുന്നു. ചാമുണ്ഡേശ്വരിക്ക് പുറത്തുനിന്നുള്ളവരാണ് ഈ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. 

ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പരാജയപ്പെട്ടേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അദ്ദേഹം പുച്ഛിച്ചുതള്ളി. ഇത് എതിരാളികള്‍ പടച്ചുണ്ടാക്കിയ വ്യാജ റിപ്പോര്‍ട്ടാണെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. സിറ്റിംഗ് സീറ്റായ വരുണ, മകന്‍ യതീന്ദ്രക്ക് നല്‍കാനാണ്  സിദ്ധരാമയ്യയുടെ നീക്കം.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com