പ്രചാരണം യെദ്യൂരപ്പ മോഡല്‍ വേണ്ട;  കര്‍ണാടകയിലും മോദി മാജിക്ക് മതിയെന്ന് ബിജെപി 

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുളള പ്രചാരണത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി
പ്രചാരണം യെദ്യൂരപ്പ മോഡല്‍ വേണ്ട;  കര്‍ണാടകയിലും മോദി മാജിക്ക് മതിയെന്ന് ബിജെപി 

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുളള പ്രചാരണത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും വാദങ്ങളെ ഖണ്ഡിച്ച് ബഹുദൂരം മുന്നേറാന്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപിക്ക് സംസ്ഥാനത്ത് കഴിയുന്നില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിര്‍ത്തി പ്രചാരണരംഗം ഉടച്ചുവാര്‍ക്കാന്‍ ബിജെപി ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്. 

കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്ത് രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും സജീവമായ ഇടപെടലാണ് നടത്തുന്നത്. നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും കനത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് ഇരുവരും മുന്നേറുന്നത്. ഇതിനിടെ സംസ്ഥാനത്തെ പ്രമുഖ സമുദായമായ ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കാനുളള ശുപാര്‍ശ കേന്ദ്രത്തിന്റെ കോര്‍ട്ടിലേക്ക് തട്ടിയ സിദ്ധരാമയ്യയുടെ രാഷ്ട്രീയനീക്കം ബിജെപിയെ വെട്ടിലാക്കി.  ഇതിന് മറുവാദം ഉന്നയിച്ച് ജനശ്രദ്ധ തിരിച്ചുവിടാന്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിലുളള സംഘത്തിന് കഴിയുന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പകരം രാഹുലിന്റെയും സിദ്ധരാമയ്യയുടെയും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മാത്രമാണ് സമയം നീക്കിവെയ്ക്കുന്നത് എന്നതാണ് നേതൃത്വത്തിന്റെ അതൃപ്തിക്ക് മുഖ്യകാരണം. അടുത്തിടെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പ്രചാരണത്തിന്റെ പുരോഗതി സംബന്ധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രതികരണമാണ് രാംമാധവ് മുഖ്യമായി തേടിയത്. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ രാംമാധവ് ധരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.റിപ്പോര്‍ട്ടില്‍ നിലവിലെ പ്രചാരണരീതിയെ കുറിച്ച് വിമര്‍ശനമുണ്ടെന്നാണ് ബിജെപിയുടെ അടുത്ത വൃത്തങ്ങള്‍
നല്‍കുന്ന സൂചന.

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയില്‍ ബിജെപി വീണുപോകുന്നുവെന്നാണ് നേതൃത്വം കരുതുന്നത്. പലപ്പോഴും കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബിജെപി നിര്‍ബന്ധിതരാകുന്നതിനെ നേതൃത്വം ആശങ്കയോടെയാണ് കാണുന്നത്. ഇതിനെ മറികടക്കാന്‍ ഗുജറാത്തില്‍ പയറ്റിയതു പോലെ മോദി ഘടകത്തെ പ്രയോജനപ്പെടുത്താനാണ് കേന്ദ്രനേതൃത്വത്തിന്റെ നീക്കം. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ മോദി നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ബിജെപിയെ സംസ്ഥാനത്ത് രക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സമാനമായ നിലയില്‍ മോദിയുടെ വ്യക്തിപ്രഭാവം ഉപയോഗിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ 10 മുതല്‍ 12 വരെ പൊതുയോഗങ്ങളില്‍ മോദി പ്രസംഗിക്കുമെന്നാണ് കരുതുന്നത്. മാറിയ സാഹചര്യത്തില്‍ 15 പൊതുയോഗങ്ങളിലെങ്കിലും പ്രസംഗിക്കുന്ന രീതിയില്‍ പ്രചാരണ പരിപാടി ഭേദഗതി ചെയ്യണമെന്ന് സംസ്ഥാന ബിജെപി കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. ഇതിന് പുറമേ തീവ്ര ഹിന്ദുത്വമുഖമായ യോഗി ആദിത്യനാഥിനെപ്പോലുളളവരെ കൂടൂതല്‍ പ്രയോജനപ്പെടുത്താനും ബിജെപിക്ക് പരിപാടിയുണ്ട്. എങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടുന്ന യെദ്യൂരപ്പയെ പൂര്‍ണമായി തളളാനും നേതൃത്വം തയ്യാറല്ല. യെദ്യൂരപ്പയെ പോലെ ജനസ്വാധീനമുളള ഒരു നേതാവില്ലാത്തതാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com