മോദിയെപ്പറ്റി ആശങ്കപ്പെടേണ്ട; അമേഠിയും റായ്ബറേലിയും തങ്ങള്‍ കൊണ്ടുപോകുമെന്ന് രാഹുലിനോട് ബിജെപി

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുമെന്നത് ബിജെപിയുടെ സ്വപ്നം മാത്രമാണെന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മറുപടിയുമായി ബിജെപി
മോദിയെപ്പറ്റി ആശങ്കപ്പെടേണ്ട; അമേഠിയും റായ്ബറേലിയും തങ്ങള്‍ കൊണ്ടുപോകുമെന്ന് രാഹുലിനോട് ബിജെപി

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുമെന്നത് ബിജെപിയുടെ സ്വപ്നം മാത്രമാണെന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മറുപടിയുമായി ബിജെപി. 2019ലെ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെയും സോണിയ ഗാന്ധിയുടെയും മണ്ഡലങ്ങള്‍ നഷ്ടപ്പെടുമെന്നാണ് ബിജെപി മുന്നറിയിപ്പ്.  പ്രതിപക്ഷ ഐക്യത്തിന് കീഴില്‍ മോദിക്ക് വാരാണസി സീറ്റ് നഷ്ടമാകുമെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. 

രാഹുലിനും സോണിയക്കും എതിരെ വളര്‍ന്നുവരുന്ന ജനവികാരം അവരെ അധികാരത്തില്‍ നിന്നിറക്കും എന്ന് ബിജെപി വക്താവ് അനില്‍ ബലുനി പറഞ്ഞു. രാഹുല്‍ മോദിയെക്കുറിച്ച് ആശങ്കപ്പെടേണ്ട, തങ്ങളുടെ മണ്ഡലങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നും രണ്ടു മണ്ഡലങ്ങളും ബിജെപി പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേഠിയിലും റായ്ബറേലിയിലും അവര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കില്ല. 2019 ല്‍ എല്ലാം സാധാരണത്തേതു പോലെയാവുകയും കോണ്‍ഗ്രസ് തിരിച്ചുവരുകയും ചെയ്യും എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസംഗം. പ്രതിപക്ഷ പാര്‍ട്ടികളുടെഐക്യത്തെ മറികടന്ന് തെരഞ്ഞെടുപ്പ് വിജയിക്കുകയെന്നത് ബിജെപിക്ക് അസാധ്യമാണ്. ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും അതാണ് കണ്ടതെന്നും രാഹുല്‍ പറഞ്ഞു.

ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഛത്തിസ്ഗഢ് എന്നിവിടങ്ങള്‍ കോണ്‍ഗ്രസ് തിരിച്ചെടുത്തു കഴിഞ്ഞു. ഇതുവരെ നിങ്ങള്‍ കാണാത്ത രീതിയിലുള്ള തകര്‍ച്ചയാണ് ബിജെപിക്ക് ഉണ്ടാകാന്‍ പോകുന്നത്. മോദിയും ആര്‍എസ്എസും ചേര്‍ന്ന് താറുമാറാക്കിയ രാജ്യത്തെ തിരിച്ചെടുക്കുകയെന്നതാണ് ലക്ഷ്യമെന്നും അത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിലൂടെ നടപ്പാകുമെന്നും അദ്ദേഹം അടിവരയിട്ടു.

ഒരു വ്യക്തിയെന്ന നിലയില്‍ രാജ്യത്തെ ഭരിക്കാന്‍ കഴിയില്ല. എന്നാല്‍ നാലുവര്‍ഷമായി മോദി അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മോദിയുടെ മനോനിലയും ബിജെപിയുടെ ദിശയും നഷ്ടപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com