ജാതി- മത അതിര്‍വരമ്പുകള്‍ ഭേദിച്ച് ഐഎഎസ് ഒന്നാംറാങ്കുകാരിയും രണ്ടാം റാങ്കുകാരനും ഒന്നായി

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണ്‍ ആന്‍ഡ് ട്രെയിനിങ് ഓഫീസില്‍ നടന്ന പരിശീലന പരിപാടിക്കിടയിലാണ് ഇരുവരും പരിചയപ്പെട്ടത്.
ജാതി- മത അതിര്‍വരമ്പുകള്‍ ഭേദിച്ച് ഐഎഎസ് ഒന്നാംറാങ്കുകാരിയും രണ്ടാം റാങ്കുകാരനും ഒന്നായി

24കാരിയായ ടിന ദാബി എന്ന ഐഎഎസ് ഓഫിസര്‍ 2015ലാണ് ഒന്നാം റാങ്ക് നേടി പദവിയിലെത്തിയത്. രാജ്യത്ത് ആദ്യമായായിരുന്നു ഒരു ദളിത് പെണ്‍കുട്ടി ഒന്നാം റാങ്ക് നേടി ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റേവ് സര്‍വീസ് പരീക്ഷ പാസാകുന്നത്. കശ്മീരില്‍ നിന്നുള്ള ഒരു മുസ്ലിം യുവാവ് രണ്ടാം റാങ്കുകാരനായത് ആ വര്‍ഷത്തെ മറ്റൊരപൂര്‍വ്വതയായിരുന്നു. അത്തര്‍ ആമിര്‍ ഖാന്‍ എന്ന 25കാരനായിരുന്നു 2015ലെ ഐഎഎസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ചെറുപ്പക്കാരന്‍.

ടിന ദാബിയും അത്തര്‍ ആമിറും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ഇരുവരും ഇന്നലെ ദക്ഷിണ കശ്മീരിലെ പഹല്‍ഗാമില്‍ വെച്ച് വിവാഹിതരായി. മാര്‍ച്ച് 20ന് ജയ്പൂരില്‍ വെച്ച് ഔദ്യോഗികമായി ഇവര്‍ വിവാഹിതരായെങ്കിലും ആഘോഷങ്ങളോടുകൂടിയുള്ള ചടങ്ങുകള്‍ ഇന്നലെയായിരുന്നു നടന്നത്. ഇപ്പോള്‍ നടന്നത് വരന്റെ വീട്ടിലെ ചടങ്ങുകള്‍ ആണെന്നും ഏപ്രില്‍ 14ന് ഡെല്‍ഹിയില്‍ മറ്റൊരു ചടങ്ങുകൂടി നടന്നുമെന്നും ടിന ദാബി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വ്യക്തമാക്കി. സ്വകാര്യമായി നടത്തിയ വിവാഹ ചടങ്ങിന്റെ ചിത്രം ടിന ദാബി തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് പുറം ലോകം അറിയുന്നത്. ശനിയാഴ്ചയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണ്‍ ആന്‍ഡ് ട്രെയിനിങ് ഓഫീസില്‍ നടന്ന പരിശീലന പരിപാടിക്കിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദത്തിലായ ടിനയും അത്തറും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റ് പുറത്തുവന്നതിനു പിന്നാലെ പ്രണയം സമൂഹമാദ്ധ്യമത്തിലൂടെ തുറന്നു പറയുകയും ചെയ്തു. മുസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി അക്കാഡമിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

എന്നാല്‍ ഹിന്ദുവായ ടിന, മുസ്ലിമായ അത്തറിനെ വിവാഹം ചെയ്യുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭയും മറ്റും രംഗത്തു വന്നിരുന്നു. എന്നാല്‍ ഇതര മതവിശ്വാസികള്‍ തമ്മിലുള്ള വിവാഹത്തെ ക്രിമിനല്‍ കുറ്റമായി കാണുന്നവര്‍ ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും താന്‍ സ്വതന്ത്ര്യമായി ചിന്തിക്കുന്ന സ്ത്രീയാണെന്നും തനിക്ക് തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവകാശമുണ്ടെന്നുമാണ് ടിന പറഞ്ഞത്.

ആദ്യ അവസരത്തിലാണ് 52 ശതമാനം മാര്‍ക്കോടെ ടിന ഒന്നാം സ്ഥാനത്തിലെത്തിയത്. അത്തര്‍ രണ്ടാം ശ്രമത്തിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. അദ്ദേഹത്തിന്റെ ആദ്യ ശ്രമം 2014ല്‍ ആയിരുന്നു. ഭോപ്പാലില്‍ ജനിച്ച ടിനയുടെ സ്‌കൂള്‍ വിദ്യാഭ്യാസം കാര്‍മല്‍ കോണ്‍വെന്റ് സ്‌കൂളില്‍ ആയിരുന്നു. ടിനയുടെ അമ്മ മുന്‍ ഐഇഎസ്(ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസ്) ഓഫിസര്‍ ആയിരുന്നു. അച്ഛന്‍ ഇപ്പോഴും ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസിലെ ഉദ്യോഗസ്ഥനാണ്. ബിടെകുകാരനായ അത്തര്‍ പിന്നീട് സിവില്‍ സര്‍വീസിലേക്ക് തിരിയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com