കേരളം ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ്: നിര്‍ദേശം നിയമ കമ്മിഷന്റെ പരിഗണനയില്‍

കേരളം ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ്: നിര്‍ദേശം നിയമ കമ്മിഷന്റെ പരിഗണനയില്‍
കേരളം ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ്: നിര്‍ദേശം നിയമ കമ്മിഷന്റെ പരിഗണനയില്‍

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ രാജ്യത്തെ പത്തൊന്‍പതു സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള സാധ്യത കേന്ദ്ര നിയമ കമ്മിഷന്‍ പരിശോധിക്കുന്നു. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായാണിതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിന്റെ ആദ്യപടിയായി രണ്ടു ക്ലസ്റ്ററുകളായി സംസ്ഥാനങ്ങളെ വേര്‍തിരിക്കാനാണ് നിയമ കമ്മിഷന്‍ ആലോചിക്കുന്നത്. കേരളം ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ഒന്നാം ക്ലസ്റ്ററില്‍ ഉണ്ടാവുക. ഈ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു നടത്തും. ശേഷിച്ച 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമാണ് രണ്ടാം ക്ലസ്റ്ററില്‍ ഉള്‍പ്പെടുക. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമായിരിക്കും ഈ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഇതോടെ ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം പ്രയോഗപഥത്തില്‍ എത്തിക്കാനാവുമെന്നാണ് നിയമ കമ്മിഷന്‍ കണക്കുകൂട്ടുന്നത്.

സംസ്ഥാനങ്ങളെ രണ്ടു ക്ലസ്റ്ററുകളായി തിരിച്ച് തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള കരടു നിര്‍ദേശത്തിന് നിയമ കമ്മിഷന്‍ രൂപം നല്‍കിയിട്ടുണ്ട്. ഈ മാസം 17ന് ചേരുന്ന നിയമ കമ്മിഷന്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. 

കേരളത്തിനു പുറമേ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ആദ്യ ക്ലസ്റ്ററിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഊഴം അനുസരിച്ച് 2021ല്‍ ആണ് ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കേണ്ടത്. ഇതു രണ്ടു വര്‍ഷം നേരത്തെയാക്കാനും രണ്ടാം ക്ലസ്റ്ററില്‍ വരുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വൈകിപ്പിക്കാനുമാണ് ഒറ്റ തിരഞ്ഞെടുപ്പിലേക്ക് എത്തുന്നതിന് നിയമ കമ്മിഷന്‍ പരിഗണിക്കുന്ന കരട് നിര്‍ദേശിക്കുന്നത്. 2022ല്‍ തെരഞ്ഞെടുപ്പു നടക്കേണ്ട യുപിയും ഈവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന കര്‍ണാടകയും രണ്ടാം ക്ലസ്റ്ററിലാണുള്ളത്. 

സംസ്ഥാന നിയമസഭകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും ഭേദഗതി ചെയ്യേണ്ടതുണ്ട്. ഏതെങ്കിലും കാരണവശാല്‍ ഇതു സാധിക്കാതെ വന്നാല്‍ 2021 സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ രണ്ടാം ക്ലസ്റ്റര്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു നടത്താനുള്ള നിര്‍ദേശവും കമ്മിഷന്റെ പരിഗണനയിലുണ്ട്. 

2019ല്‍ പൊതു തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു നടത്താന്‍ കമ്മിഷന്‍ നിര്‍ദേശിക്കുന്ന സംസ്ഥാനങ്ങള്‍: ആന്ധ്ര, അരുണാചല്‍ പ്രദേശ്, അസം, ബിഹാര്‍, ഛത്തിസ്ഗഢ്, ഹരിയാന, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, സിക്കിം, തമഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍, ഡല്‍ഹി, പോണ്ടിച്ചേരി, ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ. 

2024ലെ പട്ടിക: മിസോറം, നാഗാലാന്‍ഡ്, മണിപ്പുര്‍, മേഘാലയ, കര്‍ണാടക, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com