ജീന്‍സും സ്ലീവ്‌ലെസ്സും വേണ്ട; വസ്ത്രധാരണത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ക്ഷേത്രം അധികൃതര്‍ 

ജീന്‍സ്, സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍, ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ എന്നിവ ധരിച്ച് ക്ഷേത്രദര്‍ശനത്തിന് എത്താന്‍ പാടില്ലെന്നാണ് അധികൃതരുടെ നിര്‍ദേശം
ജീന്‍സും സ്ലീവ്‌ലെസ്സും വേണ്ട; വസ്ത്രധാരണത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ക്ഷേത്രം അധികൃതര്‍ 

ബംഗളൂരു: ഭക്തരുടെ വസ്ത്രധാരണത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ബംഗളൂരുവിലെ ആര്‍ ആര്‍ നഗറിലുള്ള ശ്രീ രാജരാജേശ്വരി ക്ഷേത്രം. ജീന്‍സ്, സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍, ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ എന്നിവ ധരിച്ച് ക്ഷേത്രദര്‍ശനത്തിന് എത്താന്‍ പാടില്ലെന്നാണ് അധികൃതരുടെ നിര്‍ദേശം. ക്ഷേത്രകവാടത്തില്‍ പതിപ്പിച്ച നോട്ടീസിലാണ് വസ്ത്രധാരണത്തെകുറിച്ച് വിശദീകരിച്ചിട്ടുള്ളത്. 

മോഡേണ്‍ വസ്ത്രങ്ങളായ ബെര്‍മൂഡ, ഷര്‍ട്ട്, മിനി സ്‌കേര്‍ട്ട്, സ്ലീവ്‌ലെസ് ടോപ്പ്, ലോ വെയ്‌സ്റ്റ് ജീന്‍സ്, ഇറക്കം കുറഞ്ഞ ടീ-ഷര്‍ട്ടുകള്‍ ക്ഷേത്രത്തില്‍ ഉപയോഗിക്കരുതെന്നും മറിച്ച പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞുവേണം ക്ഷേത്രദര്‍ശനത്തിന് എത്താനെന്നും നോട്ടീസില്‍ പറയുന്നു. 'പുരുഷന്‍മാര്‍ ഷര്‍ട്ടിനൊപ്പം ദോത്തിയോ പാന്റോ ധരിക്കുക. സ്ത്രീകള്‍ സാരിയോ ഷോള്‍ ഉള്‍പ്പെടുന്ന ചുരിദാറോ ധരിച്ചുവേണം എത്താന്‍. 18വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഇറക്കം കൂടിയ പാവാടകള്‍ ധരിക്കാം', നോട്ടീസില്‍ പറയുന്നു.

വസ്ത്രധാരണത്തില്‍ മാത്രമല്ല നിബന്ധനകള്‍ മറിച്ച് സ്ത്രീകള്‍ മുടി അഴിച്ചിട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതും അനുവദനീയമല്ല. ക്ഷേത്രത്തിലെ ഡ്രസ്‌കോഡ് പുതുതായി രൂപീകരിച്ചതല്ലെന്നും വര്‍ഷങ്ങളായി പാലിച്ചുപോരുന്നതാണെന്നും ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കുന്നു. അടുത്തിടെ നിരവധിപ്പേര്‍ ഈ പതിവില്‍ മാറ്റം വരുത്തുന്നത് ശ്രദ്ധയില്‍പെട്ടെന്നും ഇതുവരെ തുടര്‍ന്നുപോന്ന സംസ്‌കാരം മുന്നോട്ടും പാലിക്കുന്നതിനാണ് ഇപ്പോള്‍ ഇത്തരത്തിലൊരു നോട്ടീസ് ഇറക്കിയതെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഭക്തര്‍ക്കാര്‍ക്കും ഇതുവരെ ക്ഷേത്രപ്രവേശനം വിലക്കിയിട്ടില്ലെന്നും മറിച്ച് അവരെ വസ്ത്രധാരണത്തെകുറിച്ച് ഉപദേശിക്കുക മാത്രമാണ് ചെയ്യാറെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com