ഭക്ഷണം കഴിച്ച് ചീത്തപ്പേര് ഉണ്ടാക്കരുത്; ഉപവാസത്തില്‍ പങ്കെടുക്കുന്ന നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബിജെപി
By സമകാലിക മലയാളം ഡെസ്ക് | Published: 11th April 2018 09:28 PM |
Last Updated: 11th April 2018 09:29 PM | A+A A- |

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ തുടർച്ചയായി പാർലമെന്റ് സ്തംഭിക്കുന്നതിനെതിരേ ബിജെപി നടത്തുന്ന ഉപവാസ സമരത്തിൽ കർശന നിർദേശങ്ങളുമായി പാർട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത്ഷായും ഉപവസിക്കുന്ന പ്രതിഷേധ ദിനത്തിൽ എംപിമാരും നേതാക്കളും ഭക്ഷണം കഴിച്ചു പാർട്ടിയുടെ മാനം കളയരുതെന്നാണു നിർദേശം.
ദലിത് പീഡനത്തിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ ഉപവാസത്തിന് തൊട്ടുമുന്‍പ് നേതാക്കൾ ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സമാനസാഹചര്യം പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന ഉപവാസ സമരത്തിൽ ഇല്ലാതിരിക്കാനാണ് ബിജെപി കർശന നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളിൽവച്ചോ കാമറകൾ ഉള്ളയിടങ്ങളിലോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. സമരവേദികൾക്കു സമീപം കടകൾ സ്ഥാപിക്കാൻ തെരുവ് കച്ചവടക്കാരെ അനുവദിക്കരുത് തുടങ്ങി നിരവധി നിർദേശങ്ങളാണ് പാർട്ടി നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്. പാർട്ടിക്ക് ഒരു തരത്തിലുള്ള ചീത്തപ്പേര് ഉണ്ടാക്കരുതെന്നും ഡൽഹിയിൽ ബിജെപി എംപി മീനാക്ഷി ലേഖി പ്രവർത്തകർക്കു മുന്നറിയിപ്പു നൽകി.